കൊച്ചി: ഫോണ്‍ കെണി വിവാദത്തില്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് എ.കെ.ശശീന്ദ്രന് അനുകൂലമെന്ന് സൂചന. കേസന്വേഷിക്കുന്ന ആന്റണി കമ്മീഷന് മുന്നില്‍ പരാതിക്കാരിയോ ചാനല്‍ മേധാവിയോ ഹാജരായിട്ടില്ല. ഇതോടെ തോമസ് ചാണ്ടിയെ വെട്ടി എ.കെ.ശശീന്ദ്രന് മന്ത്രിയാകാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.
മന്ത്രിസ്ഥാനം നഷ്ടമാക്കിയ ഫോണ്‍കെണി വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് എ.കെ.ശശീന്ദ്രന് ആശ്വാസം പകരുന്നതാകുമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. മുന്മന്ത്രിയെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ പറ്റിയ തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നതാണ് പ്രധാന കാരണം. ജസ്റ്റിസ് ആന്റണി കമ്മീഷന് മുന്നില്‍ പരാതിക്കാരി ഹാജരാകുകയോ മൊഴി നല്‍കുകയോ ചെയ്തിട്ടില്ലെന്നതാണ് പ്രധാന കാരണം. മാത്രമല്ല ചാനല്‍ മേധാവി ഫോണ്‍ രേഖകള്‍ പൂര്‍ണമായും കമ്മീഷന് നല്‍കിയിട്ടുമില്ല. ഇതെല്ലാം ശശീന്ദ്രന് അനുകൂലമായ ഘടകങ്ങളാണെന്നാണ് വിലയിരുത്തല്‍.
അതേസമയം എ.കെ.ശശീന്ദ്രന് എതിരായ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നല്കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നേരത്തെ കേസ് നല്‍കിയത് പ്രത്യേക മാനസികാവസ്ഥയിലാണെന്നും നിലവില്‍ പ്രശ്നം കോടതിക്ക് പുറത്ത് ഒത്തുതീര്ത്തെന്നുമാണ് ഹര്‍ജിയിലെ വാദം. അങ്ങനെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടും, കോടതി വിധിയും അനുകൂലമാകുന്ന പക്ഷം എ.കെ.ശശീന്ദ്രന് മന്ത്രി സ്ഥാനത്തേക്കുള്ള വഴി തുറക്കും. ഇതോടെ സുപ്രീംകോടതി വഴി മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താമെന്ന തോമസ് ചാണ്ടിയുടെ മോഹങ്ങള്‍ക്ക് മങ്ങലേല്‍ക്കുകയും ചെയ്യും.
Discussion about this post