ലോകസഭയില്‍ കുല്ഭൂഷണ് ജാദവിന്റെ ഭാര്യയേയും അമ്മയേയും അപമാനിച്ച പാക്കിസ്ഥാനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി ഇതിനെ അപലപിക്കണമെന്നും സുഷമ സ്വരാജ് ലോകസഭയില്‍ ആവശ്യപ്പെട്ടു. കയ്യടികളോടെ സഭാംഗങ്ങള്‍ ഈ വാക്കുകളെ പിന്തുണച്ചു.
കുല്ഭൂഷണ് ജാദവിന്റെ കുടുംബത്തെ പാക്കിസ്ഥാന് അപമാനിച്ചുവെന്ന് സുഷമ പറഞ്ഞു. അവന്തിക സാധാരണ സാരിയാണ് ധരിക്കാറ്. ഇത് ഊരിമാറ്റി സല്‍വാര്‍ ധരിക്കാന്‍ പാക്കിസ്ഥാന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ആഭരണങ്ങളും മറ്റും മാറ്റിയ ശേഷമാണ് കുല്ഭൂഷണ് ജാദവിനെ കാണാന്‍ ഭാര്യയേയും അമ്മയേയും അുവദിച്ചത്. തന്റെ കുടുംബത്തിന് കാര്യമായി എന്തോ പറ്റിയെന്നാണ് ഇവരെ കണ്ടപ്പോള്‍ കുല്ഭൂഷണ് കരുതിയതെന്നും മന്ത്രി പറഞ്ഞു.
അവന്തികയുടെ ചെരുപ്പ് അഴിച്ചു വാങ്ങിയതിലും തിരിച്ച നല്‍കാത്തതിലും പാക്കിസ്ഥാന് നല്കിയ ന്യായീകരണത്തെ സുഷമ ഖണ്ഡിച്ചു. ചെരുപ്പില്‍ എന്തോ ചിപ്പ് പോലുള്ള ഉപകരണം പിടിപ്പിച്ചുവെന്നാണ് പാക്കിസ്ഥാന് ഇപ്പോള്‍ പറയുന്നത്. വിമാനത്തില്‍ കയറുമ്പോള്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ അങ്ങനെ എന്തെങ്കിലും ഉപകരണം ഉണ്ടെങ്കില്‍ പിടിക്കപ്പെടുമായിരുന്നു. മാത്രവുമല്ല കല്ഭൂഷണ് യാദവിനെ കുടുംബം കണ്ട ശേഷം പാക്കിസ്ഥാന് നടത്തിയ മാധ്യമസമ്മേളനത്തില്‍ ചെരുപ്പിലെ ഉപകരണത്തെ കുറിച്ച് ഒന്നും പരാമര്‍ശിക്കുന്നില്ല. അത്തരമൊരു ആരോപണം ഉണ്ടെങ്കില്‍ അത് വാര്‍ത്താസമ്മേളനത്തില്‍ പറയേണ്ടതല്ലേ എന്നും സുഷമ സ്വരാജ് ചോദിച്ചു. രാജ്യസഭയില്‍ മന്ത്രി വിഷയത്തില്‍ പ്രസ്താവന നടത്തി.
പാകിസ്ഥാനിലെത്തിയ കുടുംബത്തെ അവര്‍ ഭയപ്പെടുത്തി. ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്റെ നില മോശമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനു ഏല്‍ക്കേണ്ടിവന്ന അപമാനത്തില്‍ രാജ്യവും പാര്‍ലമെന്റും ഒരേ സ്വരത്തില്‍ പ്രതിഷേധിക്കുന്നുവെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
നടപടിയിലുള്ള ഇന്ത്യയുടെ ശക്തമായ പ്രതിഷേധം പാകിസ്ഥാനെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കൂടിക്കാഴ്ച സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയിരുന്ന കരാര്‍ പാക്കിസ്ഥാന് ലംഘിച്ചു. കുല്‍ഭൂഷണിന്റെ കുടുംബത്തെ പാകിസ്താന് ഭീഷണിപ്പെടുത്തി. പാകിസ്ഥാന്റേത് കടുത്തമനുഷ്യാവകാശ ലംഘനമാണ്. മന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയില്‍ മാധ്യമങ്ങളെ പങ്കെടുപ്പിക്കരുതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണെന്നും എന്നാല്‍ പാകിസ്ഥാന് അത്തരം ധാരണകളെ ലംഘിച്ചുകൊണ്ട് മാധ്യമങ്ങളെ അവിടെ എത്തിക്കുകയായിരുന്നുവെന്നും കുടുംബത്തോട് പ്രകോപനപരമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയായിരുന്നുവെന്നും സുഷ്മ സ്വരാജ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദും പാകിസ്ഥാന്റെ നടപടിയെ ശക്തമായി വിമര്‍ശിച്ചു. രാജ്യത്തെ സ്ത്രീകളെ ഒന്നാകെ അപമാനിക്കുകയാണ് പാകിസ്ഥാന് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post