തിരുവനന്തപുരം: വാഹന നികുതി വെട്ടിപ്പ് കേസില്‍ സി.പി.എം കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ ഫൈസല്‍ കാരാട്ടിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കാരാട്ടിന്റെ ആഡംബരക്കാറായ മിനി കൂപ്പര്‍ പുതുച്ചേരിയിലാണ് രജിസ്റ്റര്‍ ചെയ്തത്. ഈ കാര്‍ കേരളത്തില്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 7,74 ലക്ഷം രൂപ നികുതി അടയ്ക്കാന്‍ ഫൈസലിനോട് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പുതുച്ചേരിയിലാണ് വാഹനം സ്ഥിരമായി ഉപയോഗിക്കുന്നതെന്നും അതിനാല്‍ ഇവിടെ നികുതിയടക്കാനാവില്ലെന്ന മറുപടിയാണ് ഫൈസല്‍ നല്‍കിയത്. ഇതോടെയാണ് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
മിനി കൂപ്പര്‍ 2016 മുതല്‍ കേരളത്തില്‍ ഉപയോഗിക്കുന്നുവെന്ന് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തി. പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത വിലാസവും വ്യാജമാണെന്ന് മനസിലായി. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയത് നമ്പ ര്‍4, ലോഗമുത്തുമാരിയമ്മന്‍ കോവില്‍ സ്ട്രീറ്റ്, മുത്ത്യല്‍പേട്ട് എന്ന വ്യാജ വിലാസത്തിലാണ്. ഈ വിലാസത്തില്‍ താമസിക്കുന്നത് ശിവകുമാര്‍ എന്ന അദ്ധ്യാപകനാണ്. തുടര്‍ന്നാണ് കൂടുതല്‍ അന്വേഷണത്തിനായി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.
സി.പി.എമ്മിന്റെ ജനജാഗ്രതാ യാത്രയ്ക്കിടെ കോടിയേരി ബാലകൃഷ്ണന് ഈ കാര്‍ ഉപയോഗിച്ചത് വിവാദമായിരുന്നു.
Discussion about this post