ഡല്‍ഹി : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ്ക്കെതിരെയുള്ള പരാതിയില്‍ പാര്‍ട്ടി ഇടപെട്ടിട്ടില്ല എന്ന സിപിഎം നേതാക്കളുടെ പ്രസ്താവനകള്‍ കളവെന്ന് റിപ്പോര്‍ട്ട്. ദൂബായ് കമ്പനി അങ്ങനെ ഒരു പരാതി പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയിട്ടില്ല എന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും, പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ളയും പറഞ്ഞത്. വ്യക്തിപരമായ കാര്യം പാര്‍ട്ടി ഇടപെടേണ്ടതില്ല എന്നായിരുന്നു എസ്ആര്‍പിയുടെ വാക്കുകള്‍. എന്നാല്‍ ഒരാഴ്ച മുമ്പ് തന്നെ കേന്ദ്രനേതൃത്വത്തിന് മുന്നില്‍ പരാതി എത്തിയിരുന്നുവെന്നാണ് വാര്‍ത്ത പുറത്തുകൊണ്ടു വന്ന മനോരമ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദുബായിലെ ജാസ് ടൂറിസം കമ്പനിയുടെ മാനേജിങ് ഡയറക്ടറായ യുഎഇ പൗരനും രാഖുലും കഴിഞ്ഞയാഴ്ച തന്നെ ഡല്‍ഹിയിലെത്തി പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്കി. പരാതി കൈപ്പറ്റിയ നേതൃത്വം ഇടപെടല്‍ ഉറപ്പു നല്കി. തുടര്‍ന്നു പരാതിയുടെ പകര്‍പ്പ് കോടിയേരി ബാലകൃഷ്ണനു ലഭ്യമാക്കി. വിഷയം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലേക്കു വരാന്‍ ആവശ്യപ്പെട്ടു. ഏറെ ആലോചനകള്‍ക്കു ശേഷമാണ്, തിരക്കുകളുള്ളതിനാല്‍ യാത്ര ഉടനെ സാധ്യമല്ലെന്നും പ്രശ്നം ഒരാഴ്ചയ്ക്കുള്ളില്‍ താന്‍ പരിഹരിച്ചുകൊള്ളാമെന്നും നേതൃത്വത്തിനു മറുപടി നല്‍കിയത്.-എന്നിങ്ങനെയാണ് മനോരമ റിപ്പോര്‍ട്ടു ചെയ്യുന്നത്.
രണ്ടു വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കമാണെന്നും പാര്‍ട്ടി ഇടപെടേണ്ടതില്ലെന്നുമാണു കോടിയേരി ബാലകൃഷ്ണന് പറഞ്ഞത്.എന്നാല്‍ കേരളത്തില്‍ കമ്പനി പ്രതിനിധി രാഹുല്‍ കൃഷ്ണ കേരളത്തിലെ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിരുവനന്തപുരത്തെ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. മധ്യസ്ഥതയ്ക്കായി ഗണേഷ് കുമാര്‍ എംഎല്‍എ ഇടപെട്ടുവെന്നും വാര്‍ത്തകളുണ്ടായിരുന്നു.
കോടിയേരിയെ കണ്ടു പരാതി പറഞ്ഞപ്പോള്‍ പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും നടപടിയുണ്ടായില്ല; അതിനാലാണു നേതൃത്വത്തെ സമീപിക്കുന്നതെന്നു പരാതിക്കാര്‍ പറഞ്ഞിരുന്നു.
പരാതി അവെയ്ലബ്ള് പൊളിറ്റ്ബ്യൂറോ ചര്‍ച്ച ചെയ്തുവെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ക്കു വിഷയത്തെക്കുറിച്ചു മുന്ധാരണകളൊന്നും ഇല്ലായിരുന്നുവെന്നും പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുകയേ മാര്‍ഗമുള്ളൂ എന്നും യുഎഇ പൗരന് പറഞ്ഞതുകൂടി കണക്കിലെടുത്താണ് വിഷയത്തില്‍ അടിയന്തരമായി ഇടപെടാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചതെന്നു പറയുന്നു. കോടിയേരി ബാലകൃഷ്ണന് സാമ്പത്തീക ഇടപാടിന് കൂട്ടു നിന്നിട്ടില്ല എന്നാണ് എസ്ആര്‍പി പറഞ്ഞത്. എന്നാല്‍ നേരത്തെ തന്നെ തട്ടിപ്പ് കേസ് സംബന്ധിച്ച അദ്ദേഹത്തിന് അറിവുണ്ടായിരുന്നു എന്ന് വ്യക്തമാണ്. ബിനോയ് കോടിയേരിയുടെ ബിസിനസ് സംബന്ധിച്ച വിശദാംസങ്ങള്‍ പലതും പാര്‍ട്ടിക്ക് മുന്നിലുണ്ട്. കൂടുതല്‍ വിവാദങ്ങളിലേക്ക് വിഷയം പോകുമോ എന്ന ആശങ്കയുള്ളതിനാല്‍ കേന്ദ്ര നേതൃത്വം വിഷയം ഏറ്റെടുത്തു കഴിഞ്ഞു. കേരളത്തില്‍ വിഷയങ്ങള്‍ പരിഹരിക്കണം എന്ന നിര്‍ദ്ദേശം നല്‍കിയെങ്കിലും കൈകെട്ടി ഇരിക്കാനാവാത്ത അവസ്ഥയാണ് ഉള്ളതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
Discussion about this post