കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ 100 കോടി രൂപ ഉടന്‍ ലഭ്യമാക്കുമെന്ന് വ്യോമയാന മന്ത്രാലയം. വിമാനത്താവളത്തിന്റെ വികസനത്തിനായി വിമാനത്താവള വികസന അതോറിറ്റി വാഗ്ദാനം ചെയ്ത 250 കോടിയുടെ ആദ്യ ഗഡുവാണിത്. അതോറിറ്റിയില്‍ നിന്നുമുള്ള മുഴുവന്‍ തുകയും എത്രയും വേഗം ലഭ്യമാക്കണമെന്ന് ജിജി തോംസണ്‍ ആവശ്യപ്പെട്ടു. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ടു വ്യോമയാന മന്ത്രാലയം വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണുര്‍ വിമാനത്താവളത്തിന് ആവശ്യമായ അനുമതികള്‍ കിട്ടിയ സാഹചര്യത്തില്‍ കാലതാമസം കൂടാതെ തുക ലഭ്യമാക്കണമെന്ന നിലപാടിലാണ് കേരളം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ആറന്മുള വിമാനത്താവള പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു ജിജി തോംസണ്‍ അറിയിച്ചു.
ആറന്മുള വിമാനത്താവളത്തിനു നേരത്തേ ലഭിച്ച അനുമതി റദ്ദായതിനാല്‍ വീണ്ടും പരിസ്ഥിതി പഠനം നടത്തേണ്ടതുണ്ട്. പരിസ്ഥിതി അനുമതി ലഭിച്ചാല്‍ മാത്രമേ തുടര്‍നടപടികള്‍ സാധിക്കൂ. അതേസമയം പഠനം പൂര്‍ത്തിയാക്കുന്നതിനു പരിസ്ഥിതി മന്ത്രാലയം വ്യക്തമായ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും പഠനം വേഗം പൂര്‍ത്തിയാക്കണമെന്ന ആവശ്യം കേരളം ഉന്നയിച്ചിട്ടില്ലെന്നും ജിജി തോംസണ്‍ വ്യക്തമാക്കി.
Discussion about this post