പുതിയ ദേശീയ വാര്‍ത്താ വെബ്സൈറ്റ് പദ്ധതിയുമായി ഏഷ്യാനെറ്റ് ന്യൂസ് നെറ്റുവര്‍ക്ക്. മെയില്‍ ടുഡെയുടെ എഡിറ്ററായിരുന്ന അഭിജിത്ത് മജുംദാറായിരിക്കും ഏഷ്യാനെറ്റ് ന്യൂസ് പ്രോജക്ടിന്റെ എഡിറ്റര്‍-ഇന്‍-ചീഫ്. ഏഷ്യാനെറ്റ് ന്യൂസ് നെറ്റുവര്ക്കിന്റെ കീഴിലെ പദ്ധതിയ്ക്കായുള്ള റിക്രൂട്ട്മെന്റുകളും മറ്റും നേരത്തെ തന്നെ കമ്പനി തുടങ്ങിയിരുന്നു. റിക്രൂട്ട്മെന്റുകള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നും. നിലവില്‍ ജോലിക്കായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഏതാനും ആളുകളോട് മെയ് ഒന്ന് മുതല്‍ ജോലി ആരംഭിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് ‘ന്യൂസ് ലോണ്ട്റി’ റിപ്പോര്‍ട്ട് ചെയ്തു.
ഇടത് ആഭിമുഖ്യം പൂര്‍ണമായും ഉപേക്ഷിച്ച് സെന്റര്‍-റൈറ്റ് രാഷ്ട്രീയ കാഴ്ച്ചപ്പാടിലായിരിക്കും ഈ ന്യൂസ് ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കുക എന്നാണ് റിപ്പോര്‍ട്ട്.
ബിജെപി എം.പി. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ജൂപിറ്റര്‍ ക്യാപിറ്റല്‍ നേരിട്ട് നിയന്ത്രിക്കുന്ന സ്ഥാപനമാണ് ഏഷ്യാനെറ്റ് ന്യൂസ് നെറ്റുവര്‍ക്ക്. നിലവിലുള്ള ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ എഡിറ്റോറിയല്‍ റിക്രൂട്ട്മെന്റ് സെന്റര്‍-റൈറ്റ് രാഷ്ട്രീയ കാഴ്ച്ചപ്പാടുള്ളവരിലേക്ക് മാത്രമാക്കണമെന്ന് ജുപിറ്റര്‍ സിഇഒ സര്‍ക്കുലര്‍ ഇറക്കിയത് വിവാദമായിരുന്നു. പിന്നീട് ഈ സര്‍ക്കുലര്‍ പിന്‍വലിക്കുകയും തീരുമാനം നടപ്പിലാക്കാന്‍ കഴിയാതെ പോകുകയും ചെയ്തിരുന്നു.ഏഷ്യാനെറ്റ് ന്യൂസ് മലയാളം വെബ്സൈറ്റ്, ഏഷ്യാനെറ്റ് ന്യൂസബിള്‍, റിപ്പബ്ളിക് ടിവി തുടങ്ങിയ സ്ഥാപനങ്ങള്‍ക്കൊപ്പം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലായിരിക്കും പുതിയ സ്ഥാപനവും പ്രവര്‍ത്തിക്കുന്നത് എന്നാണ് സൂചന. . പുതിയ വെബ്സൈറ്റ് പ്രോജക്ട് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം രണ്ടാഴ്ച്ചയ്ക്കകം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post