ഷാനു ചാക്കോയും കൂട്ടരും തട്ടിക്കൊണ്ട് പോയ വഴി മര്‍ദനമേറ്റ് അവശനായ കെവിന് വായില്‍ മദ്യം ഒഴിച്ചു കൊടുത്തെന്ന് മൊഴി വെള്ളം ചോദിച്ചപ്പോള്‍ ഷാനു ചാക്കോ വായില്‍ മദ്യം ഒഴിച്ചുകൊടുത്തെന്ന് മൊഴി. ആദ്യം പിടിയിലായ നിയാസ്, റിയാസ്, ഇഷാന് എന്നിവരെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരമാണിത്.
നീനുവിനെ പരീക്ഷ കഴിഞ്ഞ് കൊണ്ടുവരാനെന്ന് പറഞ്ഞാണ് തങ്ങളെ ഒപ്പം കൂട്ടിയതെന്നും ഇവര്‍ പറയുന്നു. ഇവര്‍ പറയുന്നത് പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ഷാനു ചാക്കോയെയും അച്ഛന് ചാക്കോ ജോണിനെയുംകൂടി ചോദ്യംചെയ്താലേ കാര്യങ്ങള്‍ വ്യക്തമാകൂ. നീനുവിനെക്കുറിച്ച് വിവരം കിട്ടാതായതോടെ കെവിന് എവിടെയുണ്ടെന്ന അന്വേഷണം തുടങ്ങിയെന്ന് ഇവര്‍ പറഞ്ഞു. അനീഷിന്റെ വീട്ടില്‍ ഉണ്ടെന്നറിഞ്ഞാണ് രാത്രിയില്‍ അവിടെ ചെന്നത്.
നീനു എവിടെയുണ്ടെന്ന് ചോദിച്ച് വാക്കേറ്റമായി. അയല്‍വാസികള്‍ ഉണര്‍ന്നെത്തി കൂടുതല്‍ ബഹളം ഉണ്ടാകാതിരിക്കാനാണ് ഇരുവരെയും വണ്ടിയില്‍ കയറ്റിയത്. ഇതൊന്നും മുന്‍കൂട്ടി തയ്യാറാക്കിയവയായിരുന്നില്ലെന്നാണ് മൂവരും പറഞ്ഞത്.
എല്ലാകാര്യങ്ങളും ഷാനു പറഞ്ഞതനുസരിച്ചാണ് ചെയ്തത്. മൂന്ന് വാഹനങ്ങളുണ്ടായിരുന്നു. വാഹനത്തില്‍വെച്ച് ഇരുവരെയും മര്‍ദിച്ചതും ഷാനുവാണെന്ന് ഇവര്‍ പറഞ്ഞിട്ടുണ്ട്. തനിക്ക് ഒന്നും അറിയില്ലെന്ന് തീര്‍ത്തുപറഞ്ഞതോടെ അനീഷിനെ വാഹനത്തില്‍നിന്ന് ഇറക്കിവിട്ടു.
വാഹനത്തിന്റെ നടുവിലെ സീറ്റിനു താഴെയാണ് കെവിനെ ഇരുത്തിയത്. പുനലൂരില്‍ എത്തിച്ച് വിശദമായി ചോദ്യംചെയ്താല്‍ നീനു എവിടെയുണ്ടെന്ന് കെവിന് പറയുമെന്ന നിലപാടായിരുന്നു ഷാനുവിന്.
മദ്യം ഉള്ളില്‍ച്ചെന്നിട്ടും കെവിന് ഒന്നും പറഞ്ഞില്ല. ‘ഇവനെ കൊല്ലില്ല. എല്ലാം കാണാനായി ഇവന് ജീവിക്കണ’മെന്നും ഷാനു പറഞ്ഞതായി ഇവര്‍ അറിയിച്ചു. തെന്മല ഭാഗത്ത് ചെന്നപ്പോള്‍ കെവിന് ഇറങ്ങിയോടിയെന്നും മരിച്ച വിവരം മാധ്യമങ്ങളില്‍നിന്നാണ് അറിഞ്ഞതെന്നുമാണ് ഇവരുടെ മൊഴി.
Discussion about this post