സഭാ കേന്ദ്രങ്ങള്‍ പുണ്യ ഇടങ്ങളല്ല, കോര്‍പ്പറേറ്റ് സിസ്റ്റമായി മാറിയിരിക്കുകയാണെന്ന് സിസ്റ്റര്‍ ജെസ്മി. ഇതെല്ലാം തല്ലിപ്പൊളിച്ച് കളഞ്ഞ് നല്ല പുരോഹിതരെ കണ്ടെത്തി പുതിയൊരു സംവിധാനം കൊണ്ട് വരണം. എല്ലാം നാമവശേഷമാകണമെന്നല്ല, ശരിയായത് നിലനില്‍ക്കാനാണ് പ്രാര്‍ത്ഥിക്കുന്നതെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ സിസ്റ്റര്‍ ജെസ്മി പറയുന്നു.
കുമ്പസാരക്കൂട്ടിലെ പുരോഹിതന് മനുഷ്യനല്ല, ദൈവീകതയുള്ളയാളാണ് എന്നതാണ് വിശ്വാസം. ദൈവത്തിനോട് സംസാരിക്കുകയാണെന്നാണ് പഠിപ്പിച്ചു തന്നിട്ടുള്ളത്. എന്നാല്‍ ദൈവത്തിനോട് സംസാരിക്കുക വഴി അബദ്ധങ്ങള്‍ പിണയുകയാണ്. വിശുദ്ധിയുള്ള പൗരോഹിതര്‍ ഇന്നുമുണ്ട്. പക്ഷേ ഒരു ശതമാനത്തില്‍ താഴെയാണെന്ന് മാത്രമെന്നും ജെസ്മി എഴുതുന്നു.
കന്യാസ്ത്രീയായിരിക്കുന്ന അവസാന കാലഘട്ടത്തില്‍ മാസങ്ങളോളം കുമ്പസാരിച്ചിട്ടില്ല. ഒരു ദൈവവും ശിക്ഷിച്ചിട്ടില്ല. കുമ്പസരിക്കുമ്പോള്‍ അവരത് മുതലാക്കുകയാണ് ചെയ്യുന്നത്. രക്ഷപ്പെടാനാവാത്ത വിധം കുടുക്കുന്ന സാഹചര്യവുമാണ്. കുമ്പസാരമാണ് കുറേ സ്ത്രീകള്‍ക്ക് പ്രശ്നമാകുന്നത്. വ്യക്തികളെ ബ്ലാക്ക് മെയ്ല് ചെയ്യും. നേരിട്ട് അനുഭവമില്ല.
കൂദാശകള്‍ കൈകാര്യം ചെയ്യാന്‍ സഭ സ്ത്രീകളെ അനുവദിക്കാറില്ല. ഇപ്പോഴും ആണ്മേല്ക്കോയ്മയാണ് നിലനില്‍ക്കുന്നത്. കാല് കഴുകുന്ന ശുശ്രൂഷയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തണമെന്ന് മാര്‍പ്പാപ്പ പറഞ്ഞിട്ടു പോലും സ്ത്രീകളോട് വിവേചനപരമായി ഇടപെടാനാണ് സഭ ശ്രമിക്കുന്നത്. മാര്‍പാപ്പ ലത്തീന്‍ സഭക്കാരോട് പറഞ്ഞുവെന്നും അതിനാല്‍ സുറിയാനി സഭ അനുസരിക്കേണ്ടെന്നും വാദങ്ങള്‍ വന്നു. പെസഹാവ്യാഴത്തില്‍ സത്രീകളുടെ കാല്‍കഴുകുന്നത് ചരിത്രപരമായ സംഭവമായാണ് കാണേണ്ടത്. പന്ത്രണ്ട് ശിഷ്യരുടെ അഥവാ അപ്പോസ്തലന്മാരുടെ ഗണത്തിലേക്ക് സ്ത്രീയും വരും. കൂദാശ ചെയ്യാനുള്ള അവകാശവും സ്ത്രീയ്ക്കുണ്ടാകും. പക്ഷേ അതൊന്നും അംഗീകരിക്കാന്‍ സഭ തയ്യാറല്ല. അതു കൊണ്ട് തന്ന കുമ്പസാരം ചെയ്യിപ്പിക്കുന്നതിനുള്ള അവകാശം സ്ത്രീകള്‍ക്ക് സഭ നല്‍കില്ല. സാധാരണ മേല്‍ക്കോയ്മയല്ല, മേല്മേല്മേല്ക്കോയ്മയാണ് സഭയില്‍.പുരോഹിതര്‍ക്ക് കാറും വീടുമൊക്കെ വാങ്ങിക്കാനാകുമെന്നാണ് മാര്‍പ്പാപ്പ പറഞ്ഞത് എങ്കില്‍ അവര്‍ അനുസരിക്കുമായിരുന്നു.
ഇവരുടെ സസ്പെന്‍ഷനില്‍ മാത്രമൊതുങ്ങുന്ന കാര്യമല്ല. ഇങ്ങനെയൊക്കെ ചെയ്യാനാണേല്‍ കത്തോലിക്ക പുരോഹിതര്‍ക്ക് വിവാഹം കഴിച്ചൂടെ എന്ന് പലരും ചോദിക്കുന്നത് കേള്‍ക്കാം. യാതൊരു ഉത്തരവാദിത്വവുമില്ലാതെ ഇത്തരം വൈവിധ്യങ്ങള്‍ ലഭിക്കുമ്പോള്‍ അവര്‍ക്കെന്തിനാണ് വിവാഹം. ചില പുരുഷന്മാര് പറഞ്ഞു കേള്‍ക്കാം, അച്ചന്മാരായി ജനിച്ചാല്‍ മതിയായിരുന്നു എന്ന്. പുരോഹിത പട്ടം ചൂഷണത്തിനുള്ള ഉപാധിയാക്കുകയാണ് പലരും.കോഴിക്കോട് ഒരു കന്യസ്ത്രീ ഗര്‍ഭിണിയായപ്പോള്‍ അവരോടൊപ്പമുണ്ടായിരുന്ന പുരോഹിതന് പറഞ്ഞത് ഇതൊരു ആകസ്മികമായ സംഭവമാണ് എന്നാണ്. വല്ലപ്പോഴും സ്ത്രീ ഗര്‍ഭിണിയായേക്കാം, പക്ഷേ താന്‍ സെക്സ് ചെയ്യുന്നത് നിര്‍ത്തേണ്ടതില്ല എന്നാണോ ആ അച്ചന് ഉദ്ദേശിച്ചത്. പുറത്ത് വരാത്ത എത്രയോ സംഭവങ്ങള്‍ നടക്കുന്നുണ്ട്.
ഇന്നുള്ള പുരോഹിതരില്‍ ഒരു ശതമാനം മാത്രമാണ് ദൈവവിളി കേട്ടു വന്നവര്‍. അവര്‍ക്ക് തെറ്റുപറ്റില്ല. മറ്റുള്ളവര്‍ വെറുതെ തിരുവസ്ത്രം അണിയുകയാണ്. 37500 കന്യാസ്ത്രീമാരാണ് കേരളത്തിലുള്ളത്. പണം, അധികാരം,നല്ലപേര്, വീട്ടിലെ മോശം സാമ്പത്തിക സ്ഥിതി എന്നിവയെല്ലാം മടത്തില്‍ ചേരാനുള്ള കാരണങ്ങളായി മാറാറുണ്ട്. പ്രണയ നൈരാശ്യം കാരണം വരുന്നവരും ഉണ്ട്.
മാധ്യമങ്ങള്‍ ഇതെല്ലാം പുറത്ത് കൊണ്ടു വരണം. പുറത്ത് വരണമെന്ന് ചിന്തിച്ചാണ് എല്ലാം തുറന്ന് പറയുന്നതെന്നും സിസ്റ്റര്‍ ജെസ്മി പറയുന്നു.വിശ്വാസിയായ കുടുംബിനിയുടെ കുമ്പസാര രഹസ്യങ്ങള്‍ ഉപയോഗിച്ച് വൈദികര്‍ ലൈംഗീക പീഡനത്തിനിരയാക്കിയെന്ന വാര്‍ത്തയടക്കം പല കാര്യങ്ങളും പുറത്തു വരുമ്പോള്‍ പത്തു വര്‍ഷം മുന്‍പ് എഴുതിയ ‘ആമേന്‍’എന്ന പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് പലതും യാഥാര്‍ത്ഥ്യമാകുകയാണെന്നും സിസ്റ്റര്‍ ചൂണ്ടിക്കാട്ടി.
Discussion about this post