കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ ഉള്‍പ്പടെ ഉള്ളവരുമായി മുഖ്യമന്ത്രി പിണറായി വിജയന് ജയിലില്‍ കൂടിക്കാഴ്ച നടത്തി. കേസിലെ പ്രതികളായ കെ.സി രാമചന്ദ്രന്, ടി.കെ രജീഷ് എന്നിവരുമായി കണ്ണൂര്‍ ജയിലിലായിരുന്നു കൂടിക്കാഴ്ച. ഇരുവരും മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കുകയും ചെയ്തു.
ഇവര്‍ ഉള്‍പ്പെടെ 20 തടവുകാരാണു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നത്. ജയില്‍ ഉപദേശക സമിതിയംഗങ്ങളായ സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ജയരാജന്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വല്സന് പനോളി എന്നിവരുടെ കൂടി സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, എം.പിമാരായ കെ.കെ. രാഗേഷ്, പി.കെ. ശ്രീമതി, ജയില്‍ മേധാവി ആര്. ശ്രീലേഖ എന്നിവരും കൂടെയുണ്ടായിരുന്നു.
എന്നാല്‍ ജയിലില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ തടവുകാര്ക്കിടയില്നിന്നും ടിപി കേസിലെ മറ്റൊരു പ്രതിയായ കുഞ്ഞനന്തന് മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്തു. അദ്ദേഹം പ്രത്യഭിവാദ്യവും നടത്തി. രാവിലെ ഒന്‍പതരയ്ക്കാണു ജയിലിലെ ചടങ്ങ് വെച്ചിരുന്നതെങ്കിലും തടവുകാരുമായുള്ള കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി ഒന്പതിനു ജയിലിലെത്തിയിരുന്നു.
പി.കെ. കുഞ്ഞനന്തന് മുഖ്യമന്ത്രിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും രേഖാമൂലം ആവശ്യപ്പെടാത്തതിനാല്‍ അനുവദിച്ചിരുന്നില്ല.
പി.കെ കുഞ്ഞനന്തന് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം 20 മാസത്തിനുളളില്‍ 15 തവണ പരോള്‍ അനുവദിച്ചിരുന്നു. 2016 മേയ് മുതല്‍ 2018 ജനുവരി വരെ ഏതാണ്ട് എല്ലാ മാസത്തിലുമായി 193 ദിവസമാണ് കുഞ്ഞനന്തന് പരോള്‍ ലഭിച്ചത്.
കണ്ണൂരിലെ പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായ കുഞ്ഞനന്തനെ 2014 ജനുവരിയിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജയില്‍വാസക്കാലത്ത് നടന്ന രണ്ട് സിപിഐഎം സമ്മേളനങ്ങളിലും ഏരിയ കമ്മിറ്റിയില്‍ നിലനിര്‍ത്തി. ഇത്തവണ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു പരോളിലെത്തി ഏരിയ സമ്മേളനത്തില്‍ കുഞ്ഞനന്തന് പങ്കെടുക്കുകയും ചെയ്തു.
Discussion about this post