ലഖ്നൗ: നിക്കാഹ് ഹലാലയുടെ മറവില്‍ പീഡനം അനുഭവിക്കേണ്ടി വന്നതിന്റെ ദുരിത അനുഭവവുമായി മുസ്ലിം യുവതി. വിവാഹമോചനം നേടിയ സ്ത്രീയെ ആദ്യഭര്‍ത്താവിനു വീണ്ടും വിവാഹം ചെയ്യണമെങ്കില്‍ അവര്‍ മറ്റൊരാളുമായി വിവാഹത്തില്‍ ഏര്‍പ്പെടുകയും ആ ബന്ധം ഒഴിവാക്കുകയും വേണമെന്ന നിക്കാഹ് ഹലാലയിലെ വ്യവസ്ഥയാണ് യുവതിയ്ക്ക് പീഡനമായത്.
യുപി ബരൈലി സ്വദേശി ഷാബിനയാണ്, നിക്കാഹ് ഹലാല മൂലം താന്‍ അനുഭവിച്ച പീഡനങ്ങള്‍ തുറന്നുപറഞ്ഞത്. ഷാബിനയെ ഭര്‍ത്താവ് തലാഖ് ചൊല്ലിയിരുന്നു. പിന്നീട് പുനര്‍വിവാഹം നടത്താമെന്ന് വ്യക്തമാക്കി.എന്നാല്‍ ഇയാള്‍ ഷാബിനയെ, നിക്കാഹ് ഹലാല പ്രകാരം തന്റെ പിതാവിനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു. ഇതിന് വഴങ്ങിയ ഷാബിന ഭര്‍തൃപിതാവിനെ വിവാഹം ചെയ്തു.ഭര്‍തൃപിതാവ് പിന്നീട് ഷാബിനയെ തലാഖ് ചൊല്ലുകയും, തുടര്‍ന്ന് ഭര്‍ത്താവ് വീണ്ടും വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ ഭര്‍ത്താവ് വീണ്ടും ഷാബിനയെ മൊഴി ചൊല്ലി. തുടര്‍ന്ന് നിക്കാഹ് ഹലാല പ്രകാരം ഭര്‍തൃ സഹോദരനെ വിവാഹം കഴിക്കാനായി ഷബീനയ്ക്ക് മേല്‍ നിര്ബന്ധംചെലുത്തുകയും ചെയ്തു. ഇനിയും വഴങ്ങാനാകില്ലെന്ന് ഉറച്ച ഷാബിന, എതിര്‍പ്പ് അറിയിച്ചു. ഇതോടെ, ഇക്കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഷാബിന പരാതിയില്‍ പറയുന്നു.
ഭര്‍തൃ സഹോദരനെ വിവാഹം കഴിക്കണമെന്ന നിര്‍ദേശത്തെ എതിര്‍ത്ത ഷാബിനയെ വീട്ടില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് യുവതി സമുദായത്തില്‍ നിര്‍ണായക സ്വാധീനമുള്ള ദര്‍ഗാ ആല ഹസ്രത് കുടുംബത്തിലെ നിദാ ഖാന സമീപിച്ചു. സമാന പീഡനത്തിന് വിധേയയായ നിദയും ഷാബിനയും മാധ്യമങ്ങള്‍ക്കു മുന്നില്‍ പീഡനകഥകള്‍ തുറന്നു പറയുകയായിരുന്നു.
വിഷയത്തില്‍ ഇടപെട്ട മതപുരോഹിതര്‍ ശരീഅത്ത് അനുസരിക്കാത്തവര്‍ ഇസ്ലാമിനു പുറത്താകുമെന്നും, ശരീഅത്തിനെതിരേ വിമര്‍ശനം ഉന്നയിക്കുന്നവര്‍ തിക്താനുഭവം നേരിടേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തിയതായി അവര്‍ പറഞ്ഞു.
വധഭീഷണിയുണ്ടെന്ന ഷാബിനയുടെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരേ പൊലീസ് കേസെടുത്തു. നിക്കാഹ് ഹലാലയുടെ നിയമ സാധുത സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
Discussion about this post