പിണറായി വിജയന് പ്രതിയായ ലാവ്ലിന് കേസിലെ ഹൈക്കോടതി വിധി വസ്തുതകള്‍ പരിഗണിക്കാതെയെന്ന് സിബിഐ സുപ്രിം കോടതിയില്‍. കസ്തൂരിരംഗ അയ്യര്‍ ആര് ശിവദാസ് എന്നിവര്‍ക്കെതിരെ തെളിവുണ്ടെന്നും സിബിഐ അറിയിച്ചു. സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സിബിഐ നിലപാട് അറിയച്ചത്. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലാണ് സത്യവാങ്മൂലം.
പിണറായിയെ കുറ്റ വിമുക്തനാക്കിയത് തെറ്റാണെന്നും ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്നും സിബിഐ അറിയിച്ചു.കരാറിലെ മറ്റങ്ങള്‍ പിണറായി അറിഞ്ഞു കൊണ്ടാണ്. അദ്ദേഹത്തിന്റെ കാനഡ സന്ദര്‍ശനത്തിനിടെയാണ് കരാര്‍ ഒപ്പിട്ടത്. ലാവ്ലിന് കമ്പനിയുടെ അതിഥിയായാണ് പിണറായി വിജയന് കാനഡ സന്ദര്‍ശിച്ചതെന്നും സിബിഐ സുപ്രിംക്കോടതിയില് അറിയിച്ചു.
പിണറായിയെയും മറ്റ് രണ്ട് പേരെയും വിചാരണയില്‍ നിന്ന് ഒഴിവാക്കി ഉത്തരവിടുമ്പോള്‍ ഹൈക്കോടതി ഈ വസ്തുതകള്‍ പരിഗണിച്ചില്ല. തലശ്ശേരിയിലെ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദേശം പിണറായി കാനഡയില്‍ ഉള്ളപ്പോഴാണ് ഉണ്ടായത്. പൊതുപ്രവര്‍ത്തകര്‍ മനപ്പൂര്‍വം വരുത്തിയ വീഴ്ച്ചകള്‍ മൂലമാണ് ലാവ്ലിന് വന്‍ നേട്ടമുണ്ടായതെന്നും സി.ബി.ഐ കോടതിയില്‍ ബോധിപ്പിച്ചു.
കേസില്‍ പിണറായി വിജയന് വിചാരണ നേരിടണം.കരാറിലൂടെ കെ.എസ്.ഇ.ബിക്ക് നഷ്ടമുണ്ടായെന്നും ലാവ്ലിന് കമ്പനിക്ക് ലാഭമുണ്ടായെന്നും സി.ബി.ഐ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
തങ്ങളെ ശിക്ഷിച്ച് കുറച്ച് പേരെ മാത്രം കുറ്റവിമുക്തരായ ഉത്തരവ് ഏകപക്ഷിയമാണെന്ന് കാണിച്ച് കേസിലെ പ്രതികളായ കസ്തൂരി രംഗ അയ്യരും ആര് ശിവദാസും സമര്‍പ്പിച്ച ഹര്‍ജിയും സുപ്രിം കോടതിയുടെ മുന്നിലുണ്ട്.
2017 ഓഗസ്റ്റ് 23നാണ് മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ ഊര്‍ജ സെക്രട്ടറി മോഹന ചന്ദ്രന്, ജോയിന്റെ സെക്രട്ടറി ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.
Discussion about this post