കൊച്ചി:ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കിലിന്റെ അറസ്റ്റ് വൈകുന്നത് മൊഴികളിലെ വൈരുദ്ധ്യം മൂലമാണെന്ന് അന്വേഷണ സംഘം ഹൈക്കോടതിയില്‍. പരാതിക്കാരിയായ കന്യാസ്ത്രീയുടെയും, സാക്ഷികളുടെയും, ബിഷപ്പിന്റെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. ഇത് പരിശോധിക്കാന്‍ ബിഷപ്പിന്റെ മൊഴിയെടുക്കുമെന്നും പോലിസ് സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ പറയുന്നു. ബിഷപ്പന്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.
കന്യാസ്ത്രികള്‍ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.മഠത്തിലേക്ക് വരുന്ന ഫോണുകള്‍ പരിശോധിക്കുന്നത് ഉള്‍പ്പടെയുള്ള സുരക്ഷ ഏര്‍പ്പെടുത്തിയെന്നാണ് പോലിസ് പറയുന്നത്. 27 പേജുള്ള സത്യവാങ്മൂലമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീയുടെ കുടുംബം സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നും സാക്ഷികളായ മറ്റ് കന്യാസ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും കേസന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.
ഇന്നലെ റേഞ്ച് ഐജി വിജയ് സാക്കറേയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം യോഗം ചേര്‍ന്ന് ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു.അതിനിടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജംഗ്ഷനില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്നു.
Discussion about this post