‘
ബിഷപ്പിനെതിരായ കേസില്‍ ആശങ്ക വേണ്ടെന്നും, ആരോപണവിധേയന് കോടതിയുടെ കയ്യെത്തും ദൂരത്ത് തന്നെ ഉണ്ടെന്നും ഹൈക്കോടതി. നിലവിലെ പോലിസ് അന്വേഷണത്തെ തൃപ്തികരമെന്ന് വിലയിരുത്തിയ കോടതി അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥനെ നിര്‍ബന്ധിക്കാനാവില്ലെന്നും വ്യക്തമാക്കി.
കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് ചോദ്യംചെയ്യലിന് ശേഷമേ തീരുമാനിക്കു എന്ന് പോലിസ് ഹൈക്കോടതിയെ അറിയിച്ചു. ഈ മാസം 19ന് ബിഷ്പ്പ് ഫ്രാങ്കോ മുളക്കലിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന് ശേഷമേ അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാവു എന്നും പോലിസ് കോടതിയെ അറിയിച്ചു. നിലവിലെ പോലിസ് അന്വേഷണം അതേപടി തുടരട്ടേയെന്ന് ഹൈക്കോടതിയുടെ നിരീക്ഷിച്ചു.
ആരോപണ വിധേയന് കോടതിയുടെ കൈയ്യെത്തും ദൂരെയുണ്ട്, അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അറസ്റ്റിനേക്കാള്‍ വലുതല്ലേ ശിക്ഷയെന്നും കോടതി ചോദിച്ചു. അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥനെ നിര്‍ബന്ധിക്കാനാകില്ല. അത് ഉദ്യോഗസ്ഥന്റെ വിവേചനാധികാരത്തില്‍പ്പെട്ട കാര്യമാണ്. പരാതി പറയാന്‍ മൂന്ന് വര്‍ഷം കാത്തിരുന്നു. അതുപോലെ അന്വേഷണം പൂര്‍ത്തിയാകാന്‍ പരാതിക്കാരും കാത്തിരിക്കണം.തെളിവുകള്‍ പോലീസ് ശേഖരിച്ചതിനാല്‍ നശിപ്പിക്കുമെന്ന പേടിവേണ്ട.പോലീസിനുമേല്‍ സമ്മര്‍ദ്ദമുണ്ടായാല്‍ ശരിയായ അന്വേഷണത്തിന് തടസ്സമുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം. കേസ് 24 ന് വീണ്ടും പരിഗണിക്കും.
കേസ് അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച സത്യവാങ്മൂലം രാവിലെ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മൊഴികളിലെ വൈരുദ്ധ്യംമൂലമാണ് അറസ്റ്റ് വൈകുന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും 27 പേജുകളുള്ള സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീക്ക് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
Discussion about this post