ഒഡീഷയില്‍ ദാരിദ്ര്യം നിലനില്ക്കുന്നതിന്റെ കാരണം മുഖ്യമന്ത്രി നവീന്‍ പട്നായികാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആരോപിച്ചു. മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമാകാത്ത ഒഡീഷ സര്‍ക്കാരിന്റെ നടപടിയെ അദ്ദേഹം വിമര്‍ശിച്ചു. സംസ്ഥാനത്ത് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും മുന്നോടിയായ സന്ദര്‍ശനത്തിന് വന്നതായിരുന്നു അമിത് ഷാ.
കഴിഞ്ഞ മൂന്ന് കൊല്ലം കൊണ്ട് ഒഡീഷ സര്‍ക്കാരിന്റെ ഗുണ്ടകള്‍ ബി.ജെ.പിയുടെ 14 പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വികസനത്തില്‍ ഒന്നാമതെത്തുന്നതിന് പകരും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണത്തില്‍ ഒന്നാമതെത്തുകയാണ് ഒഡീഷയെന്ന് അദ്ദേഹം പറഞ്ഞു. ബിജു ജനതാ ദള്‍ പാര്‍ട്ടി ബിജു പട്നായിക്കിന്റെ തത്ത്വങ്ങളെ പിന്തുടരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. മോദി സര്‍ക്കാര്‍ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’യ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ പ്രതിപക്ഷം ഇന്ത്യയെ നശിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയോടുള്ള ദേഷ്യം മൂലമാണ് നവീന്‍ പട്നായിക് ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ നിന്നും ഒഡീഷയെ മാറ്റിനിര്‍ത്തിയതെന്നും ഇത് മൂലം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട് ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post