ഒന്നിലെറെ തകരാറുകള്‍ സംഭവിച്ച എയര്‍ ഇന്ത്യ ബോയിങ് വിമാനത്തെ അതിസാഹസികമായി പൈലറ്റുമാര്‍ താഴെയിറക്കിയിരുന്നു. ഡല്‍ഹിയില്‍ നിന്ന് ന്യുയോര്‍ക്കിലേക്ക് പോയ്ക്കൊണ്ടിരുന്ന എയര്‍ ഇന്ത്യ ബോയിങ് 777-300 വിമാനത്തിലാണ് തകരാറുകള്‍ സംഭവിച്ചത്. വിമാനം താഴെയിറക്കാന്‍ സാധിച്ചത് പൈലറ്റുമാരുടെ മനഃസാന്നിധ്യം കൊണ്ടാണ്. സെപ്റ്റംബര്‍ 11നായിരുന്നു സംഭവം നടന്നത്. ഇതിന്റെ അനുഭവങ്ങളായിരുന്നു പൈലറ്റുമാരായ രസ്തം പാലിയ, സുശാന്ത് സിങ്, കോപൈലറ്റുമാരായ വികാസ്, ഡി.എസ്.ഭാട്ടി എന്നിവര്‍ പങ്ക് വെച്ചത്.
15 മണിക്കൂര്‍ നിര്‍ത്താതെ പറക്കുന്ന ഫ്ളൈറ്റായിരുന്നു. ഇടയ്ക്ക് വെച്ച് ലാന്‍ഡിങ് സംവിധാനം പ്രവര്‍ത്തിക്കാതാവുകയായിരുന്നു. ആകാശത്തു ഏറെനേരം നില്‍ക്കാനുള്ള ഇന്ധനശേഷിയും വിമാനത്തിലില്ലായിരുന്നു. വിമാനം എത്ര ഉയരത്തില്‍ പറക്കണമെന്നത് ക്രമീകരിക്കുന്ന സംവിധാനമായ റേഡിയോ ആള്ട്ടിമീറ്ററുകളില് രണ്ടെണ്ണം പ്രവര്‍ത്തനരഹിതമായിരുന്നു. ബാക്കിയുണ്ടായിരുന്ന ഒരെണ്ണം കാര്യമായി ഉപകാരപ്പെട്ടിരുന്നില്ല. റേഡിയോ ആള്ട്ടിമീറ്ററുകളില് നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റവും (ഐഎല്‍എസ്) തകരാറിലായിരുന്നു. ഇത് കൂടാതെ ഓട്ടോ ലാന്‍ഡിങ്ങ് സിസ്റ്റം, വിന്‍ഡ്ഷിയര്‍, ഓട്ടോ സ്പീഡ് ബ്രേക്ക്, ഓക്സിലറി പവര്‍ യൂണിറ്റ് എന്നിവയും പ്രവര്‍ത്തനരഹിതമായിരുന്നു.
ഒടുവില്‍ നെവാര്‍ക്ക് ലിബര്‍ട്ടി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനമിറക്കാന്‍ ക്യാപ്റ്റന്‍ രസ്തം പാലിയ തീരുമാനിച്ചു. കാലാവസ്ഥ മോശമായതിനാല്‍ വിമാനത്താവളത്തിലെ റണ്‍വെയും പൈലറ്റുമാര്‍ക്ക് കാണാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. 400 അടിക്കു മുകളിലായപ്പോളായിരുന്നു റണ്‍വേയിലെ ലൈറ്റുകള്‍ കണ്ടത്. ബോയിങ് വിമാനം ഇത്തരത്തില്‍ താഴ്ത്തി പറപ്പിക്കാറില്ല. അപ്പോള്‍ റണ്‍വേയിലേക്ക് 1.5 മൈല്‍ ദൂരമേയുണ്ടായിരുന്നുള്ളൂ. ഇത്രദൂരം പിന്നിടാന്‍ ഏതാനും സെക്കന്‍ഡുകള്‍ മതിയാകും. എന്നാല്‍ പ്രതിസന്ധികളെ മറികടന്ന് പൈലറ്റുമാര്‍ വിമാനത്തിന്റെ വേഗത കുറച്ച് വിജയകരമായി വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. യാത്രക്കാര്‍ക്ക് ആര്‍ക്കും തന്നെ അപകടം സംഭവിച്ചിരുന്നില്ല. അതേസമയം ഒന്നിലേറെ വീഴ്ചകളും തകരാറുകളും ബോയിങ് 777300 വിമാനത്തില്‍ സംഭവച്ചതിനെക്കുറിച്ച് എയര്‍ഇന്ത്യ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Discussion about this post