ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും യുവതികളെ തടയാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം വിശ്വാസികളുടെ വികാരത്തെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലുള്ള വിഷയങ്ങളില്‍ എതിര്‍പ്പ് സ്വാഭാവികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധിയെ അനുസരിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും അതിനെതിരെ സമരം നടത്തിയിട്ടോ പുലഭ്യം പറഞ്ഞിട്ടോ കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. കോടതിയെ സമീപിച്ച എന്‍.എസ്.എസിന്റെ നിലപാടാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ശബരിമല വിഷയത്തില്‍ വിധി നേടിയെടുത്തത് ആര്‍എസ്എസ്സിന്റെ വനിതാ വിഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. സുപ്രീം കോടതിയില്‍ 12 വര്‍ഷത്തോളം ഇതിനായി കേസ് നടത്തിയത് അമിത് ഷായോട് അടുപ്പമുള്ള വനിതാ നേതാക്കളാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനോട് വിധിക്കെതിരെ നിയമം കൊണ്ടുവരാന്‍ പറയേണ്ടത് ബി.ജെ.പിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെ കേരളത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്. കണ്ണൂരില്‍ ശബരിമല കര്‍മസമിതി പയ്യന്നൂര്‍ പെരുമ്പ ദേശീയപാത ഉപരോധിച്ചു. വിവിധ ജില്ലകളില്‍ റോഡ് ഉപരോധ പ്രതിഷേധങ്ങളും പുരോഗമിക്കുകയാണ്.
Discussion about this post