കൊച്ചി: മന്ത്രിയുടെ വാഹനത്തിന് വഴികൊടുത്തില്ലെന്ന് ആരോപിച്ചു വഴിയില്‍ വാഹനം തടഞ്ഞ് ട്രക്ക് ഡ്രൈവറെ ഹൈവേ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പരാതി. വയറിന് ചവിട്ടും ചെകിട്ടത്തും മുഖത്തും അടിയുമേറ്റ എറണാകുളം സവ്ദേശിയായ യുവാവ് പൊലീസില്‍ പരാതി നല്കി. എറണാകുളം സ്വദേശി കുറുപ്പംപടി വീട്ടില്‍ കെ.ആര്. അനില്‍കുമാറാണു പരാതിക്കാരന്. നാലു ദിവസത്തെ ചികിത്സയ്ക്കുശേഷം പരാതി നല്‍കിയിട്ടും മൊഴിയെടുക്കാന്‍ വരെ പോലിസ് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.
യുവാവ് പറയുന്നത് ഇങ്ങനെ-
പാലക്കാട്ടുനിന്നു ലോറിയില്‍ സാധനങ്ങളുമായി വരുമ്പോള്‍ കുതിരാനില്‍ വച്ച് പോലിസ് മുഖത്ത് ടോര്‍ച്ച് അടിച്ചു വാഹനം നിര്‍ത്തിച്ചു. രേഖകളുമായി ഇറങ്ങിച്ചെന്നെങ്കിലും ഒന്നും പറയാന്‍ സമ്മതിക്കാതെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. ഇടുങ്ങിയ റോഡില്‍ പൊലീസ് കൈകാണിച്ചപ്പോഴും കടുത്ത ട്രാഫിക് മൂലം അല്പം മുന്പോട്ട് മാറ്റിയാണ് നിര്‍ത്താന്‍ സാധിച്ചത്. ഹൈവേ പൊലീസിന്റെ വാഹനത്തില്‍ നാലു പൊലീസുകാരാണ് ഉണ്ടായിരുന്നത്. ഒരാള്‍ തന്നെ അടിവയറിനു ചവിട്ടി. കാലുകള്‍കൊണ്ടും ലാത്തികൊണ്ടും മര്‍ദിച്ചു. അസഭ്യഭാഷയിലായിരുന്നുസംസാരം. എന്തിനാണു മര്‍ദിക്കുന്നതെന്നു ചോദിച്ചപ്പോഴാണ് ‘മന്ത്രിയുടെ വാഹനം വരുന്നത് നിനക്കു കണ്ടു കൂടേ’ എന്നു ചോദിച്ചത്. വേദന മാറും വരെ അവിടെത്തന്നെ ഇരുന്ന ശേഷം ആലുവ വരെ വാഹനം ഓടിച്ചു വന്നു. അങ്കമാലിയില്‍ എത്തിയപ്പോള്‍ വേദന സഹിക്കാനാവാതെ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. പരുക്കേറ്റ് അഡ്മിറ്റ് ആയ വിവരം ആശുപത്രി അധികൃതരാണ് ആലുവ പൊലീസിനെ അറിയിച്ചത്.
സംഭവം നടന്നത് പീച്ചി പൊലീസ് സ്റ്റേഷന്റെ പരിധിയിലായിരുന്നു. പീച്ചി സ്റ്റേഷനില്‍നിന്ന് അനില്‍കുമാറിനെ വിളിക്കുകയും ഡിസ്ചാര്‍ജ് ആയശേഷം വന്നു മൊഴി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇതിനിടെ, തന്നെ ഉപദ്രവിച്ച പൊലീസുകാര്‍ക്കെതിരെ ഓണ്‍ലൈനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അനില്‍കുമാര്‍ അറിയിച്ചു. ഇതില്‍ അന്വേഷണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പൊലീസിനെതിരെ പരാതി നല്കിയിട്ടുള്ളതിനാല് മറ്റെന്തെങ്കിലും കുറ്റം ആരോപിച്ചു തനിക്കെതിരെ കേസ് എടുക്കാനോ ഉപദ്രവിക്കാനോ ഉള്ള സാധ്യത ഭയന്ന് ഇതുവരെ ഹാജരായിട്ടില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ മൊഴിയെടുക്കാന്‍ എസ്ഐ നേരിട്ടു ചെല്ലണമെന്നിരിക്കെയാണു യുവാവിനോടു ഡിസ്ചാര്‍ജ് ആയശേഷം നേരിട്ടു പൊലീസ് സ്റ്റേഷനില്‍ ചെല്ലാന്‍ ആവശ്യപ്പെടുന്നത്. തനിക്കു നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും ഉയര്‍ന്ന പൊലീസ് അധികാരികള്‍ക്കു പരാതി നല്‍കുമെന്നും അനില്‍കുമാര്‍ പറഞ്ഞു.ആ സമയം അതുവഴി പോയ മന്ത്രി ആരാണെന്ന് അറിയില്ലെന്നും അനില്‍കുമാര്‍ വിശദീകരിച്ചു.
അതേസമയം, പരാതിക്കാരന് ഗുരുതര പരുക്കുണ്ടെങ്കില്‍ പിന്നെ എങ്ങനെയാണ് എറണാകുളം വരെ വാഹനം ഓടിച്ചു പോയതെന്നും അതുകൊണ്ടാണ് മൊഴിയെടുക്കാന്‍ ചെല്ലാതിരുന്നതെന്നുമാണ് പീച്ചി പൊലീസിന്റെ നിലപാട്.
Discussion about this post