മുനമ്പം ഹാര്‍ബര്‍ വഴി മനുഷ്യക്കടത്ത് നടന്നതായി സൂചന. സ്ത്രീകളും കുട്ടികളുമടക്കം 40 പേര് ഇതുവഴി ഓസ്ട്രേലിയയിലേക്ക് കടന്നതായാണ് ലഭിക്കുന്ന വിവരം. തീരം വിട്ട ബോട്ട് കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ് കടലില്‍ തിരച്ചിലാരംഭിച്ചിട്ടുണ്ട്. യാത്രക്കാര്‍ ഉപേക്ഷിച്ച ബാഗുകള്‍ തീരത്ത് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മനുഷ്യക്കടത്തിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
ബാഗില്‍ ഉണക്കിയ പഴവര്‍ഗങ്ങള്‍, വസ്ത്രങ്ങള്‍, കുടിവെള്ളം, ഫോട്ടോകള്‍, തുടങ്ങിയവയുണ്ടായിരുന്നു. ഇത് കൂടാതെ ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകളും കണ്ടെത്തിയിരുന്നു. ബാഗുകള്‍ വിമാനത്തില്‍ നിന്നും വീണതാണെന്ന അഭ്യൂഹങ്ങള്‍ ആദ്യം പരന്നുവെങ്കിലും പിന്നിട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് സ്ഥിരീകരിച്ചത്. ശനിയാഴ്ചയായിരുന്നു ബാഗുകള്‍ തീരത്ത് നിന്നും കണ്ടെത്തിയത്.
മുനമ്പത്ത് നിന്നും കടന്നവര്‍ തമിഴ്നാട് സ്വദേശികളോ അല്ലെങ്കില്‍ ശ്രീലങ്കന്‍ വംശജരോ ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. സമീപ പ്രദേശത്തെ റിസോര്‍ട്ടുകളില്‍ പത്ത് പേരടങ്ങുന്ന സംഘമായി താമസിച്ചതായും പോലീസ് രേഖകളില്‍ നിന്നും കണ്ടെത്തി.
സംഘത്തിലുള്ള ചിലര്‍ ഡല്‍ഹിയില്‍ നിന്നുമാണ് വന്നതെന്നും പോലീസ് പറയുന്നു. ശനിയാഴ്ച കൂടുതല്‍ ഇന്ധനമടിച്ച് തീരത്ത് നിന്ന് പുറപ്പെട്ട ബോട്ടിലാണ് ഇവരെ കടത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്. തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബോട്ടാണിത്.
രാജ്യാന്തര ബന്ധമുള്ള മനുഷ്യക്കടത്ത് സംഘമാണ് ഇതിന് പിന്നലെന്നും പോലീസ് പറയുന്നു. ഓസ്ട്രേലിയയില്‍ എത്തുന്ന ഇവരെ അഭയാര്‍ത്ഥികളായി കണക്കാക്കുമെന്നതാണ് ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്.
Discussion about this post