പത്തനംതിട്ട : പത്തനംതിട്ടയിലെ അടൂരിൽ എട്ടു വയസ്സുകാരി മരണപ്പെട്ടതിന് കാരണം ഷിഗെല്ലയെന്ന് സംശയം. അടൂർ കടമ്പനാട് സ്വദേശിനി അവന്തിക ആയിരുന്നു മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് അവന്തിക മരണപ്പെട്ടത്. വയറിളക്കവും ഛർദ്ദിയും ബാധിച്ചതിനെ തുടർന്ന് അവന്തികയെ ആദ്യം അടൂർ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും കൊണ്ടുവരികയായിരുന്നു
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ച കുട്ടിയുടെ മരണ സർട്ടിഫിക്കറ്റിൽ മരണകാരണം ഷിഗല്ല ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഷിഗെല്ല ബാധ സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനകൾ ഒന്നും കുട്ടിക്ക് നടത്തിയിരുന്നില്ല എന്നാണ് കുടുംബം വ്യക്തമാക്കുന്നത്. ഷിഗെല്ലയെന്ന അനുമാനത്തെ തുടർന്ന് ആരോഗ്യ വിഭാഗം മരിച്ച കുട്ടിയുടെ വീടിനു സമീപത്തെ കിണറുകളിൽ നിന്നും വെള്ളം ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഷിഗെല്ലക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ മനുഷ്യ ശരീരത്തിലെത്തുന്ന ഒരു ബാക്ടീരിയ ആണ് ഷിഗെല്ല. വയറിളക്കം, ഛർദി, വയറുവേദന, പനി എന്നിവയായിരിക്കും ഈ ബാക്ടീരിയ ശരീരത്തിലെത്തിയാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ. മലമൂത്രവിസർജനത്തിനുശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകാത്തത് പലപ്പോഴും ഈ ബാക്ടീരിയ പകരുന്നതിന് കാരണമാകാം. കുട്ടികളുടെയും മറ്റും ഡയപ്പറുകൾ കൃത്യമായി സംസ്കരിക്കാതെ മഴയിലൂടെയും മറ്റും വെള്ളത്തിലും ജലാശയങ്ങളിലും കലരുന്നതും ഈ ബാക്ടീരിയ പകരാൻ കാരണമാകും. ദക്ഷിണേഷ്യയിൽ കുട്ടികളെ ബാധിക്കുന്ന വയറിളക്കത്തിന്റെ ഒരു സുപ്രധാന കാരണം തന്നെ ഷിഗെല്ല ആണ്.
Discussion about this post