ന്യൂഡൽഹി: ഉത്തർപ്രദേശിലെ സുപ്രധാന മണ്ഡലങ്ങളായി കോൺഗ്രസ് കണക്കാക്കുന്ന അമേഠിയിലോ റായ്ബറേലിയിലോ പ്രിയങ്ക വാദ്ര മത്സരിക്കില്ലെന്ന് ഉറപ്പായി. ഈ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായുള്ള അവസാന വട്ട ചർച്ചകളിലാണ് കോൺഗ്രസ്. കുടുംബ കോട്ടയായി കരുതുന്ന റായ്ബറേലിയിൽ നിന്ന് രാഹുൽ ജനവിധി തേടുമെന്നാണ് വിവരങ്ങൾ. മുതിർന്ന നേതാവും ദീർഘകാല ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ കെ എൽ ശർമ്മയെ അമേഠിയിൽ നിന്ന് മത്സരിപ്പിക്കുമെന്നും വിവരങ്ങളുണ്ട്.
അമേഠിയിൽ മത്സരിക്കാനില്ലെന്ന തീരുമാനത്തിലായിരുന്നു തുടക്കം മുതൽ രാഹുൽ. എന്നാൽ രാഹുലിന് വേണ്ടി പാർട്ടിയിൽനിന്ന് ശക്തമായ സമ്മർദ്ദമുണ്ടായി. കോൺഗ്രസ് പ്രവർത്തകർ രാഹുലിന്റെ സ്ഥാനാർഥിത്വം ആവശ്യപ്പെട്ട് പാർട്ടി ഓഫീസിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഒപ്പം, സമാജ് വാദി പാർട്ടിയുടെ ഭാഗത്ത് നിന്നും കോൺഗ്രസിന് സമ്മർദ്ദമുണ്ടായിരുന്നു. മറ്റേതെങ്കിലും മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചാലും വയനാട് മണ്ഡലത്തെ കൈവിടാനാവില്ലെന്ന ഉപാധിയും രാഹുൽ വച്ചിരുന്നു.
Discussion about this post