കോഴിക്കോട്: ആചാരലംഘനത്തിനായി ശബരിമല ചവിട്ടിയ കനക ദുര്‍ഗയ്ക്ക് വധഭീഷണി. ഊമക്കത്ത് വഴിയാണ് ഭീഷണി. തിരഞ്ഞെടുപ്പ് കഴിയും വരെ കനക ദുര്‍ഗയ്ക്കും ബിന്ദുവിനും എവിടെയും ഇരിക്കാം. എന്നാല്‍, തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വിധി നടപ്പാക്കുമെന്നും കത്തില്‍ പറയുന്നു. കനക ദുര്‍ഗ താമസിക്കുന്ന സംരക്ഷണ കേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്റര്‍ക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റര്‍ പൊലീസില്‍ പരാതി നല്കി.
പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കൈപ്പടയിലെഴുതിയ കത്ത് പെരിന്തല്‍മണ്ണയില്‍ നിന്നാണ് പോസ്റ്റ് ചെയ്തതെന്ന് പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ജനുവരി രണ്ടിനാണ് കനക ദുര്‍ഗയും ബിന്ദു അമ്മിണിയും ശബരിമല സന്നിധാനം ചവിട്ടിയത്. ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമായി എന്ന് വരുത്തിതീര്‍ക്കാന്‍ സന്നിധാനത്ത് വച്ച് ഫോട്ടോ എടുത്ത് ഇരവരും മടങ്ങുകയായിരുന്നു. ഇവര്‍ അയ്യപ്പദര്‍ശനം നടത്തിയതായുള്ള തെളിവുകള്‍ ഇതുവരെയും പുറത്ത് വന്നിട്ടില്ല. ആചാരലംഘനം നടത്താന്‍ ഇവര്‍ക്കായില്ല എന്നാണ് തന്ത്രിമാര്‍ പറയുന്നത്.
ശബരിമലയിറങ്ങിയ ഇവര്‍ രഹസ്യകേന്ദ്രങ്ങളിലായിരുന്നു താമസിച്ചിരുന്നത്. ആനമങ്ങാട് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ ജോലിചെയ്യുന്ന കനക ദുര്‍ഗ ലീവ് അവസാനിച്ചതിനെത്തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ബന്ധുക്കള്‍ ഇറക്കിവിട്ടിരുന്നു. തടഞ്ഞ ഭര്‍ത്തൃ മാതാവിനെ കനക ദുര്‍ഗ്ഗ മര്‍ദ്ദിക്കുകയും ചെയ്തു. സ്വന്തം വീട്ടിലും കനക ദുര്‍ഗ്ഗയെ കയറ്റാന്‍ വീട്ടുകാര്‍ തയ്യാറായില്ല. ഇതോടെ ഇവരെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. സുപ്രീംകോടതി നിര്‍ദേശപ്രകാരം കനകദുര്‍ഗയ്ക്ക് ശക്തമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post