പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന എന്ന ആയുഷ്മാൻ ഭാരത് പദ്ധതിയിൽ പന്ത്രണ്ട് ലക്ഷം ഗുണഭോക്താക്കൾക്ക് സൗജന്യമായ ചികിത്സ ലഭിച്ചുകഴിഞ്ഞതാ.യി കണക്കുകൾ പുറത്തുവന്നു. ഇന്ന് വരെ രാജ്യമെമ്പാടും 1600 കോടി രൂപയാണ് ഗുണഭോക്താക്കളുടെ ചികിത്സയ്ക്കായി ചിലവഴിച്ചത്.
ദാരിദ്ര്യരേഖയ്ക്ക് താഴെ കഷ്ടപ്പെടുന്ന ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനു വേണ്ടി അതിനൂതനവും വിപ്ളവാത്മകവുമായ പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതി നിലവിൽ വന്ന് നൂറ്റമ്പത് ദിവസം കഴിയുന്നതിനു മുൻപേ 1.7 കോടി ഗുണഭോക്താക്കളുടെ ഇ- കാർഡുകൾ ഉണ്ടാക്കിയെന്നും രാജ്യമെമ്പാടും പന്ത്രണ്ട് ലക്ഷം ജനങ്ങൾക്ക് ഇതിനകം ഇതിന്റെ ഗുണഫലം ലഭിച്ചുകഴിഞ്ഞെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ പറഞ്ഞു.
ഏഴായിരത്തിലധികം സ്വകാര്യ ആശുപത്രികളുൾപ്പെടെ 14,856 ആശുപത്രികൾ ഈ പദ്ധതിയുമായി സഹകരിയ്ക്കുന്നു. ഈ ചിലവായ 1600 കോടി രൂപയിൽ മൂന്നിൽ രണ്ട് ഭാഗവും അതിവിദഗ്ധ ചികിത്സകളായ കാൻസർ, ഹാർട്, കിഡ്നി എന്നിവയുടെ രോഗങ്ങൾ തുടങ്ങിയ ചികിത്സകൾക്കായാണ് ചിലവഴിച്ചിട്ടുള്ളത്.
ആൻജിയോഗ്രാഫിയും ആൻജിയോപ്ളാസ്റ്റിയും ഉൾപ്പെടെയുള്ള ഹൃദയരോഗചികിത്സയ്ക്കായാണ് ഏറ്റവും കൂടുതൽ പണം ചിലവായിട്ടുള്ളത്.
ഭാരതത്തിന്റെ ചരിത്രത്തിലാദ്യമായാണ് ആരോഗ്യപരിരക്ഷ ഒരു രാഷ്ട്രീയ ഉത്തരവാദിത്തമായി ഗവണ്മെന്റ് ഏറ്റെടുക്കുന്നത് എന്ന് ആയുഷ്മാൻ ഭാരത് സീ ഈ ഓ ഡൊക്ടർ ഇന്ദു ഭൂഷൺ അറിയിച്ചു. സ്വകാര്യമേഖലയും ഗവണ്മെന്റ് മേഖലയും ഒരുമിച്ച് നിന്ന് ഈ പദ്ധതിയുടെ ഗുണഫലങ്ങൾ എല്ലാ ജനങ്ങളിലുമെത്തിയ്ക്കണം എന്നും ഡോക്ടർ ഇന്ദു ഭൂഷൺ പറഞ്ഞു.
ഇത് മാത്രമല്ല ഏതാണ്ട് പത്ത് ദശലക്ഷം ജനങ്ങൾ ആയുഷ്മാൻ ഭാരത് പദ്ധതി ഉപയോഗിച്ച് മാറിലെ കാൻസർ, ഗർഭാശയഗള കാൻസർ തുടങ്ങിയ മാരകരോഗങ്ങൾക്കായുള്ള സ്ക്രീനിങ്ങ് പരിശോധനകളും നടത്തി. വികസിതരാജ്യങ്ങളിലുള്ള ആരോഗ്യപരിരക്ഷകൾക്ക് സമാനമായി ഒരു സാർവജനീന ആരോഗ്യപരിരക്ഷാസംവിധാനത്തിലേക്ക് ഒരു വലിയ ചുവടുവയ്പ്പാണ് ആയുഷ്മാൻ ഭാരത് വഴിതെളിച്ചിരിയ്ക്കുന്നത്.
Discussion about this post