ഇന്ത്യന്‍ വ്യോമസേനയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ തിരികെ നല്കാന് പാക്കിസ്ഥാന് തീരുമാനിച്ചു. സമാധാനത്തിന്റെ സന്ദേശമെന്ന രീതിയിലാണ് അഭിനന്ദനെ വിട്ടയയ്ക്കുന്നതെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് പാക്കിസ്ഥാന് പാര്‍ലമെന്റില്‍ പറഞ്ഞു.
നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലേക്ക് വന്ന പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് ഇന്ത്യയുടെ ഒരു മിഗ്-21 വിമാനം പാക്കിസ്ഥാന് വെടിവെച്ചിട്ടത്. ഈ വിമാനത്തിന്റെ പൈലറ്റായിരുന്ന അഭിനന്ദനെ പിന്നീട് പാക് സൈന്യം കസ്റ്റഡിയിലെടുത്തിരുന്നു.
വാര്‍ത്തയെ ലോക മാധ്യമങ്ങള്‍ കൈകാര്യം ചെയ്തതിങ്ങനെ:
ഇന്ത്യന്‍ പൈലറ്റിനെ തിരികെ നല്‍കാനുള്ള പാക് പ്രധാനമന്ത്രിയുടെ തീരുമാനം ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയ്ക്ക് അറുതി വരുത്തുമെന്ന് ‘വാള് സ്ട്രീറ്റ് ജേര്‍ണല്‍’ റിപ്പോര്‍ട്ട് ചെയ്തു.
പൈലറ്റിനെ വിടാനുള്ള തീരുമാനം അന്താരാഷ്ട്ര തലത്തില്‍ യുദ്ധ തടവുകാരെ സംബന്ധിക്കുന്ന നിയമങ്ങളുള്ളത് കൊണ്ട് മാത്രമാണ് പാക്കിസ്ഥാന് എടുത്തതെന്ന ഇന്ത്യന്‍ വ്യോമസേനയുടെ പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ടാണ് ‘അല്‍ ജസീറ’ റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ രണ്ട് ദശകത്തിനിടെ ഉണ്ടായ ഏറ്റവും മോശം സൈനിക സംഘര്‍ഷത്തിനിടെ സമാധാനത്തിന്റെ സന്ദേശവുമായിട്ടാണ് പാക്കിസ്ഥാന് അഭിനന്ദനെ വിട്ടയയ്ക്കാന് തീരുമാനിച്ചതെന്ന് ‘ദ ഗാര്ഡിയന്’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിഘട്ടം ഇല്ലാതാക്കാന്‍ ഇമ്രാന് ഖാന്റെ ഈ തീരുമാനം സഹായകരമാകുമെന്ന് ‘സി.എന്‍.എന്‍’ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന മോശം അവസ്ഥയുടെ തീവ്രത കുറയ്ക്കാനാണ് പാക്കിസ്ഥാന് അഭിനന്ദനെ വിട്ടയയ്ക്കാന് തീരുമാനിച്ചതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് പറഞ്ഞതിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ‘ബി.ബി.സി’ വാര്‍ത്ത ചെയ്തത്.
Discussion about this post