പാക്കിസ്ഥാന്റെ കസറ്റഡയിലായിരുന്ന ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ വിട്ടയയ്ക്കാന് പാക്കിസ്ഥാന് തീരുമാനിച്ചത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ് കിട്ടിയത് മൂലമാണെന്ന് കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.എസ്.യെദ്യൂരപ്പ പറഞ്ഞു. അഭിനന്ദനെ വിട്ടയച്ചില്ലെങ്കില്‍ പാക്കിസ്ഥാന് പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് മോദി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നലെയായിരുന്നു പാക്കിസ്ഥാന് തങ്ങളുടെ പക്കലുണ്ടായിരുന്ന അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയത്.
ലോകരാജ്യങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാന് ഒറ്റപ്പെട്ടിരിക്കുകയാണെന്നും ചൈന പോലും പാക്കിസ്ഥാനെ വിഷയത്തില്‍ പിന്തുണച്ചില്ലെന്നും യെദ്യൂരപ്പ ചൂണ്ടിക്കാട്ടി. സൈന്യത്തിന് തിരിച്ചടിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയത് മൂലമാണ് അവര്‍ക്ക് തിരിച്ചടിക്കാന്‍ സാധിച്ചതെന്നും യെദ്യൂരപ്പ പറഞ്ഞു.
അതേസമയം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ 28 സീറ്റുകളും നേടാന്‍ വേണ്ടി ബി.ജെ.പി പ്രവര്‍ത്തകര്‍ കഠിന പ്രയത്നം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കുക എന്നത് എല്ലാ പ്രവര്‍ത്തകരുടെയും കടമയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post