തിരുവനന്തപുരം: ചെയ്ത സ്ഥാനാര്‍ത്ഥിക്കല്ല വോട്ട് പതിഞ്ഞതെന്ന് ആരോപണമുന്നയിച്ച വോട്ടര്‍മാര്‍ക്കെതിരെ കേസ്. ആരോപണം തെളിയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് നടപടി.കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ താമരയിലേക്ക് പോകുന്നുവെന്ന ആരോപണം പല മണ്ഡലങ്ങളിലും ചിലര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഒരിടത്ത് പോലും ഇത് തെളിയിക്കാന്‍ ആര്‍ക്കുമായില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍ ക്രമക്കേടുണ്ടെന്ന് ആരോപിക്കുന്ന വോട്ടര്‍ ഇക്കാര്യം തെളിയിക്കണമെന്നും പരാതി തെറ്റാണെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. പരാതി തെറ്റെന്ന് തെളിഞ്ഞാല്‍ വോട്ടറെ പൊലീസില്‍ ഏല്‍പ്പിക്കുമെന്നും കമ്മിഷന് വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 117ആം വകുപ്പ് അനുസരിച്ചാണ് കേസെടുക്കുന്നത്.
തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151ആം ബൂത്തിലെ എബിന് എന്ന വോട്ടര്‍ക്കെതിരെ ഇത് പ്രകാരം കേസെടുത്തു. താന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിക്കല്ല വോട്ട് തെളിഞ്ഞതെന്ന് ഇയാള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും പോളിംഗ് ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ ടെസ്റ്റ് വോട്ട് നടത്തി. എന്നാല്‍ ആരോപണം തെറ്റെന്ന് തെളിഞ്ഞു. തുടര്‍ന്നാണ് പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.
ഒരു സ്ഥാനാര്‍ത്ഥിക്ക് കുത്തുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് പോകുമെന്നത് അസാധ്യമാണെന്നും ഇക്കാര്യത്തില്‍ പരിഭ്രാന്തി വേണ്ടെന്നും കമ്മിഷന് വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ പിന്നീടും പരാതികള്‍ തുടര്‍ന്നതോടെയാണ് പരാതി ഉന്നയിക്കുന്നവര്‍ തന്നെ ഇക്കാര്യം തെളിയിക്കണമെന്ന് വ്യക്തമാക്കിയത്. വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരായ പരാതികള്‍ ഇതിലൂടെ തടയാമെന്നാണ് കമ്മിഷന് കരുതുന്നത്.പലയിടത്തും രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നതിന്റെ ഭാഗമായി മപൂര്വ്വം ചിലര്‍ പരാതി ഉന്നയിക്കുകയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. വെറുതെ ആരോപണം ഉന്നയിച്ച് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയും പോളിംഗ് തടസ്സപ്പെടുത്തുകയുമാണ് എന്നാണ് ആരോപണം.
കോവളം ചൊവ്വരയില്‍ ഒരു വോട്ടര്‍ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേഷശ് ചെന്നിത്തല, സി ദിവാകരന്, ശശി തരൂര്‍ എന്നിവര്‍ അത് ഏറ്റു പിടിക്കുകയും ചെയ്തു. എന്നാല്‍ ഇത് തെറ്റായ ആരോപണമാണെന്ന് ജില്ല കളക്ടര്‍ വാസുകി പരസ്യ പ്രസ്താവന നടത്തിയിരുന്നു.
Discussion about this post