ശ്രീനഗര്‍: കശ്മീര്‍ താഴ്വരയില് ഭീകരവാദപ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കിയിരുന്ന ഹിസ്ബുള്‍ മുജാഹുദീന്‍ ഭീകരന് ബുര്‍ഹാന്‍ വാനിക്കൊപ്പം ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ട അവസാനത്തെ ഭീകരനെയും സൈന്യം വധിച്ചു. ബുര്‍ഹാന്‍ വാനിയുടെ സംഘത്തിലുണ്ടായിരുന്ന ലത്തീഫ് ടൈഗര്‍ എന്ന ഭീകരനെയാണ് സൈന്യം വധിച്ചത്. ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ ആണ് ലത്തീഫ് ടൈഗര്‍ കൊല്ലപ്പെട്ടത്.
ഇന്നു രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഉച്ചയോടെ ലത്തീഫിനെ വധിച്ചതായി സൈന്യം സ്ഥിരീകരിച്ചു. ലത്തീഫിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ടു ഭീകരരെയും സൈന്യം വധിച്ചു. താരിഖ് മൗലവി, ഷെരിഖ് അഹമ്മദ് നെന്ഗ്രൂ എന്നിവരാണ് ഇവരെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും ഷോപ്പിയാനില്നിന്നുള്ളവരാണ്. ഭീകരര്‍ ഒളിച്ചിരുന്ന വീട് സൈന്യം പൂര്‍ണമായി തകര്‍ത്തു.
തീവ്രവാദത്തിന്റെ പുതിയ മുഖമായിരുന്ന ബുര്‍ഹാന്‍ വാനിയെ 2016-ല്‍ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചതാണ് താഴ്വരയില് ഏതാനും വര്‍ഷമായി തുടരുന്ന കലാപങ്ങള്‍ക്കും രൂക്ഷസംഘര്ഷത്തിനും വഴിമരുന്നിട്ടത്. ബുര്‍ഹാന്‍ വാനിക്കൊപ്പം 10 പേര് സായുധരായിനിന്ന് ആപ്പിള്‍ തോട്ടത്തില്‍ വച്ചെടുത്ത ഫോട്ടോ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 2014-ല്‍ പകര്‍ത്തിയ ചിത്രമായിരുന്നു ഇത്.
Discussion about this post