പത്തനംതിട്ട: പത്തനംതിട്ട മുന്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയും സിപിഎം അംഗവുമായിരുന്ന വി. ഹരികുമാര്‍ സിപിഎം വിട്ട് ബിജെപിയിലേക്ക്. അടൂര്‍ ഏരിയ കമ്മറ്റിക്ക് കീഴില്‍ പാര്‍ട്ടി അംഗത്വമുണ്ടായിരുന്ന 147ഓളം കുടുംബങ്ങളും ബിജെപിയില്‍ ചേര്‍ന്നതായാണ് വിവരം.
1995 മുതല്‍ 1999 വരെയുള്ള കാലയളവില്‍ എസ്എഫ്ഐ ജില്ലാസെക്രട്ടറിയായിരുന്നു ഹരികുമാര്‍. സിപിഎം അടൂര്‍ ഏരിയ കമ്മറ്റി അംഗം, സിഐടിയു സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം, ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 2004ല്‍ അടൂര്‍ ഏരിയ കമ്മറ്റി അംഗമായിരിക്കെ കടുത്ത സാമ്പത്തിക പ്രതിസന്ധിയേത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് ഗള്‍ഫില്‍ ജോലിക്ക് പോയിരുന്നു, ഇതിനുശേഷം ഹരികുമാറിനെ ജില്ലാ നേതൃത്വം തഴഞ്ഞു തുടങ്ങിയതാണ് അതൃപ്തിയ്ക്ക് ഇടയാക്കിയത്.
2008ല്‍ ദുബായില്‍ വച്ചുണ്ടായ അപകടത്തേത്തുടര്‍ന്ന് ഹരികുമാര്‍ നാട്ടില്‍ തിരിച്ചെത്തി. അതിനു ശേഷം പാര്‍ട്ടി അംഗത്വം തിരികെ ലഭിക്കാന്‍ പല തവണ ശ്രമിച്ചെങ്കിലും ജില്ലാക്കമ്മറ്റി പരിഗണിച്ചില്ലെന്ന് ഹരികുമാര്‍ പറയുന്നു. പാര്‍ട്ടിയിലെ വിഭാഗീയതയാണ് മികച്ച സംഘാടകനായ ഹരികുമാറിനെ പാര്‍ട്ടിയില്‍ സജീവമാക്കാതിരുന്നതിന് പിന്നെന്നാണ് പറയുന്നത്. കടുത്ത വിഎസ് പക്ഷക്കാരനായിരുന്ന ഇദ്ദേഹം ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനുവിന്റെ അനുയായി എന്നാണ് അറിയപ്പെട്ടിരുന്നത്.
ബിജെപി സംസ്ഥാന നേതൃത്വം ഹരികുമാറിന് ജില്ലാ തലത്തില്‍ മികച്ച സ്ഥാനം നല്കാമെന്നേറ്റതായും സൂചനയുണ്ട്. പത്തനംതിട്ടയില്‍ നിരവധി സിപിഎം പ്രവര്‍ത്തകര്‍ ഇനിയുള്ള ദിവസങ്ങളില്‍ ബിജെപിയില്‍ ചേക്കേറുമെന്നും സൂചനയുണ്ട്.
Discussion about this post