എറണാകുളം അങ്കമാലി അതിരൂപത ഭരണകേന്ദ്രം അധര്‍മ്മികളുടെ കൂടാരമായിരിക്കുകയാണെന്ന് വൈദിക വിഭാഗം. വിവാദ ഭൂമി ഇടപാട് കേസില്‍ കുറ്റാരോപിതനായ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ വീണ്ടും രൂപതയുടെ ചുമതല എല്‍പിച്ചതിലും, തുടര്‍ന്ന് സഹായമെത്രാന്മാരെ നീക്കിയതിലും പ്രതിഷേധിച്ച് സംഘടിപ്പിച്ച പ്രാര്‍ത്ഥന യോഗത്തിലാണ് ഇത്തരത്തില്‍ രുക്ഷ വിമര്‍ശനം നടത്തിയത്. ഇതോടെ അതിരൂപതാ ഭരണസിരാ കേന്ദ്രത്തില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് ഇതോടെ പുറത്തുവരുന്നത്.
215 വൈദികര്‍ ഒത്തുകൂടിയ യോഗത്തില്‍ അതിരൂപതയ്ക്ക് മാത്രമായി പുതിയ ബിഷപ്പിനെ വേണമെന്ന് ആവശ്യപ്പെട്ടു. കാനോനിക നിയമം കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ലംഘിച്ചെന്നും പരസ്യമായി വൈദികര്‍ അറിയിച്ചു.
സഹായ മെത്രാന്മാരെ ശിക്ഷിച്ചുകൊണ്ടുള്ള നടപടികള്‍ തിരുത്താന്‍ ആവശ്യപ്പെട്ട് സിറോ മലബാര്‍ സഭാ സ്ഥിരം സിനഡിന് ഉടന്‍ കത്തുനല്‍കും. ഭൂമിവില്‍പ്പന സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ കമ്മീഷന് ഉടന്‍ പുറത്തുവിടണം. തര്‍ക്കവിഷയങ്ങളില്‍ തീരുമാനം ഉണ്ടാകുംവരെ അജപാലന ചുമതല നിര്‍വഹിക്കാന്‍ സ്വതന്ത്ര ചുമതലയുള്ള മെത്രാപ്പോലീത്തയെ നിയമിക്കണമെന്നും വൈദിക നേതൃത്വം ആവശ്യപ്പെട്ടു. അതേസമയം മെത്രാന്മാരെയോ വൈദികരെയോ മറ്റേതെങ്കിലും കേസില്‍ കുടുക്കാന്‍ ശ്രമം നടത്തിയാല്‍ തെരുവിലിറങ്ങുമെന്നും വിമത വൈദീകര്‍ മുന്നറിയിപ്പ് നല്കി. ഭൂമി വില്‍പ്പന നടത്തുമ്പോള്‍ സിനഡില്‍ ആലോചിച്ചില്ല. നിയമം പാലിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ കേസുണ്ടാകില്ലായിരുന്നു.
സത്യത്തിനായി ഒരുമിച്ചു കൂടണമെന്നത് വത്തിക്കാന്‍ പ്രമാണമാണ്. ആ കടമയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഒരു വിശദീകരണവും ഇല്ലാതെയാണ് കര്‍ദ്ദിനാള്‍ സഹായമെത്രാന്മാരെ ഇറക്കി വിട്ടത്. മെത്രാന്മാര് ചെയ്ത തെറ്റെന്തെന്ന് കാനോനിക സമിതിയില്‍ പറയണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു.
Discussion about this post