ഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫീസ് സയീദിനെതിരായ പാകിസ്ഥാൻ നടപടിയെ പരിഹസിച്ച് ഇന്ത്യ. നടപടി കണ്ണിൽ പൊടിയിടൽ മാത്രമാണെന്നും ഇത് കൊണ്ടൊന്നും ഭാരതത്തെ കബളിപ്പിക്കാൻ കഴിയില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
‘ഭീകരവാദ സംഘങ്ങൾക്കെതിരെ സുശക്തവും സുദൃഢവും യുക്തിപരവും വിശ്വസനീയവുമായ നടപടികളാണ് പാകിസ്ഥാൻ സ്വീകരിക്കേണ്ടത്. ഇത്തരം മുഖം മിനുക്കൽ നടപടികൾ കൊണ്ട് കാര്യമില്ല. അർദ്ധമനസ്കമായ ഇത്തരം നടപടികളിലൂടെ ഇന്ത്യയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും കണ്ണിൽ പൊടിയിടാമെന്നത് വ്യാമോഹം മാത്രമാണ്.’ വാർത്താ സമ്മേളനത്തിൽ വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.
ഹാഫീസ് സയീദ് അടക്കമുള്ളവർക്കെതിര തീവ്രവാദികൾക്ക് സാമ്പത്തിക സഹായം ചെയ്ത കേസിൽ നടപടിയെടുക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചതിന് പിന്നാലെയാണ് ശക്തമായ പ്രതികരണവുമായി ഇന്ത്യ രംഗത്ത് വന്നിരിക്കുന്നത്.
2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനായ ഹാഫീസ് സെയ്ദിന്റെ തലയ്ക്ക് യു എസ് അംഗീകൃതമായി പത്ത് ദശലക്ഷം ഡോളറാണ് വിലയിട്ടിരിക്കുന്നത്.
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാൻ നയത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദമുയർന്നിരുന്നു. പാകിസ്ഥാന് നൽകി വരുന്ന സാമ്പത്തിക സഹായം നിർത്തി വെക്കാൻ അമേരിക്കയടക്കം തയ്യാറായിരുന്നു. ഈ സാഹചര്യത്തിലാണ് നാമമാത്രമായ നടപടിയുമായി പാകിസ്ഥാൻ രംഗത്ത് വന്നിരിക്കുന്നത്.
Discussion about this post