ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ആവശ്യകത ഏറുന്നതോടെ അടുത്ത അഞ്ചോ ആറോ വർഷത്തിനുളളിൽ 11 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ആയുഷ്മാൻ ഭാരത് ഒരു വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. വരും കാലഘട്ടങ്ങളിൽ നിരവധി പുതിയ ആസ്പത്രികൾ ആരംഭിക്കുമെന്നും തൊഴിലവസരങ്ങൾ വർധിക്കുമെന്നും മോദി പറഞ്ഞു.
ഈ പദ്ധതി പ്രകാരം സുഗമമായ ചികിത്സ കിട്ടുന്നതിനാൽ പാവപ്പെട്ടവർക്ക് അവരുടെ ഭൂമിയോ, ആഭരണങ്ങളോ പണയം വയ്ക്കേണ്ടതില്ല എന്നത് വലിയ സംതൃപ്തിയാണ് നൽകുന്നത്. ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ സംവിധാനം ലോകത്തിന് തന്നെ ഒരു മാതൃകയാണ്. പുതിയ ഇന്ത്യ സ്വീകരിച്ച നിരവധി വിപ്ലവരമായ നടപടികളിൽ ഒന്നാണ് ആയുഷ്മാൻ ഭാരത്. 46 ലക്ഷം പേരെ രോഗത്തിന്റെ ഇരുട്ടിൽ നിന്ന് പുറത്തു കൊണ്ടുവന്ന പദ്ധതി വലിയ നേട്ടമാണെന്ന് മോദി പറഞ്ഞു.
ആയുഷ്മാൻ പദ്ധതി മെച്ചപ്പെടുത്താനുളള ശ്രമങ്ങൾ തുടരുകയാണ്. ചെറിയ നഗരങ്ങളിൽ പോലും ആധുനിക ആരോഗ്യ സംവിധാനങ്ങളുടെ ആവശ്യം വർധിച്ചു കൊണ്ടിരിക്കുകയാണ്. ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ കീഴിലുളള തിരഞ്ഞെടുത്ത ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു. കഴിഞ്ഞ ഒരു വർഷമായി ഈ പദ്ധതിയുടെ യാത്ര ഉൾപ്പെടുത്തിയുളള പ്രദർശനവും പ്രധാനമന്ത്രി സന്ദർശിച്ചു.
Discussion about this post