കൂടത്തായി കൊലക്കേസിൽ പൊന്നാമറ്റം കുടുംബാംഗങ്ങളുടെ ഡിഎൻഎ പരിശോധന ഇന്ന് നടക്കും. മരിച്ച റോയ് തോമസിന്റെ സഹോദരന് റോജോ, സഹോദരി റെഞ്ചി, റോയിയുടെ രണ്ട് മക്കൾ എന്നിവർ സാമ്പിൾ നൽകാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിലെത്തി. കല്ലറയിൽ നിന്ന് പുറത്തെടുത്ത മൃതദേഹാവശിഷ്ടങ്ങൾ കൂടത്തായിയിൽ ദുരൂഹമായി കൊല്ലപ്പെട്ടവരുടേത് തന്നെയാണെന്ന് ഉറപ്പിക്കാൻ വേണ്ടിയാണ് ഡിഎൻഎ പരിശോധന.
അതേസമയം, ജോളിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തും. എൻഐടിക്ക് സമീപം തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന യുവതി ജോളിയുടെ സുഹൃത്താണെന്ന് പൊലീസ് പറഞ്ഞു. യുവതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയാനാവുമെന്നാണ് സൂചന. ജോളിക്കൊപ്പം യുവതി എൻഐടിക്ക് സമീപം നിൽക്കുന്ന ചിത്രം പുറത്ത് വന്നിട്ടുണ്ട്. യുവതി ചെന്നൈയിലാണെന്നാണ് സൂചന.
കേസിൽ അറസ്റ്റിലായ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. പ്രതികളെ കോയമ്പത്തൂർ അടക്കമുള്ള സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്
ബുധനാഴ്ചയാണ് കേസിലെ മുഖ്യപ്രതികളായ ജോളി, മാത്യു, പ്രജുകുമാർ എന്നിവരുടെ കസ്റ്റഡി കാലാവധി കോടതി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയത്. ഈ മാസം പതിനെട്ടാം തീയതി നാല് മണിവരെയാണ് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്.
Discussion about this post