കളിയിക്കാവിള: കളിയിക്കാവിള അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്. കേരള – തമിഴ്നാട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസിലെ പ്രതികളായ തൗഫീക്കും ഷെമീമും മുമ്പ് ജയിലില്‍ കഴിഞ്ഞപ്പോള്‍ കൂടെയുണ്ടായിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള തടവുകാരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സംയുക്ത അന്വേഷണത്തിന്റെ ഏകോപനത്തിനായി കേരളാ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
ആക്രമണം നടത്തുന്നതിനായി സ്ഥലം തിരഞ്ഞെടുക്കുന്നതിനു മുമ്പ് പ്രദേശത്തെക്കുറിച്ച് വ്യക്തമായി സംഘം പഠിച്ചിരുന്നതായും തമിഴ്നാട് പൊലീസ് പറഞ്ഞു. രാജ്യവ്യാപകമായി സ്ഫോടനത്തിനു പദ്ധതിയിട്ട തീവ്രവാദി സംഘത്തെ ബെംഗളൂരുവില്‍ പിടി കൂടിയതിന് എവിടെയെങ്കിലും തിരിച്ചടി നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു.
പ്രതികളുടെ നാടായ തിരുവിതാംകോട്ടു നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലത്തിലുള്ള ചെക്പോസ്റ്റിലെ സംവിധാനങ്ങളും പരിസരം സംബന്ധിച്ച പരിചയവുമാകാം പ്രതികാരത്തിന് ഇവിടെ തെരഞ്ഞെടുക്കാന്‍ കാരണമെന്നും പൊലീസ് വിലയിരുത്തുന്നുണ്ട്. അതല്ലാതെ കൊല്ലപ്പെട്ട വില്‍സനുമായി പ്രതികള്‍ക്കു മുന്‍വിരോധമെന്തെങ്കിലും ഉള്ളതായി കണ്ടെത്തിയിട്ടില്ല. ചെക്പോസ്റ്റിനു മുന്നില്‍ കസേരയില്‍ ഇരിക്കുകയായിരുന്ന വില്‍സന്റെ ശരീരത്തിലൂടെ മൂന്നു ഉണ്ടകളും തുളച്ച് പുറത്തേക്കു പോയ നിലയിലാണ് കണ്ടെത്തിയത്.
തോക്കില്‍നിന്ന് പുറത്തുവന്ന ഒരു വെടിയുണ്ട പോലും ലക്ഷ്യം തെറ്റാതിരുന്നത് പ്രതികള്‍ വിദഗ്ധ ആയുധപരിശീലനം നേടിയവരാണെന്ന് തെളിയിക്കുന്നതായി പൊലീസ് പറഞ്ഞു. തമിഴ്നാട്ടുകാരായ ഇമ്രാന് ഖാന്, മുഹമ്മദ് ഹനീഫ്, മുഹമ്മദ് സയിദ് എന്നിവരെയാണു ബെംഗളൂരുവില്‍ കഴിഞ്ഞയാഴ്ച കസ്റ്റഡിയിലായത്. ഇവരും പ്രതി ഷമീമും 2014-ല്‍ ചെന്നൈയില്‍ ഹിന്ദു മുന്നണി നേതാവ് പി.കെ.സുരേഷ് കുമാറിനെ വധിച്ച കേസില്‍ പങ്കാളികളാണ്.
പ്രതികള്‍ക്ക് കേരളത്തില്‍ നിന്ന് എന്തെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്ന കാര്യം സംഘം അന്വേഷിക്കും. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ ലീഗാണ് കൊലയ്ക്ക് പിന്നില്‍ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കന്യാകുമാരി സ്വദേശികളായ തൗഫീക്കും ഷെമീമും ഈ സംഘടനയിലെ അംഗങ്ങളാണ്. ഈ സംഘടനയിലെ ചിലരെ തമിഴ്നാട് ക്യൂ ബ്രാഞ്ച് പിടിച്ചതിന്റെ പ്രതികാരമായാണ് കൊലയെന്നാണ് പൊലിസിന്റെ നിഗമനം. പ്രതികള്‍ക്കായി സംസ്ഥാനമെമ്ബാടും ഊര്‍ജിത തെരച്ചില്‍ നടത്തുകയാണ് കേരളാ പൊലീസ്. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഈ യുവാക്കളുടെ ചിത്രങ്ങള്‍ അയച്ചിട്ടുണ്ട്. പരമാവധി പ്രദേശങ്ങളില്‍ വാഹനപരിശോധന ഊര്‍ജിതമാക്കാന്‍ നിര്‍ദേശം കിട്ടിയിട്ടുണ്ട്. ഇവരുടെ പക്കല്‍ തോക്കുണ്ടെന്നും, ജാഗ്രത പാലിക്കണമെന്നും നിര്‍ദേശവുമുണ്ട്. വ്യക്തമായ ക്രിമിനല്‍ റെക്കോഡുകളുള്ള പ്രതികളാണ് ഇരുവരും. കൊലക്കേസ് പ്രതികളാണ്. ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്.
Discussion about this post