വഡോദര: ഗുജറാത്തിലെ വ്യവസായശാലയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വഡോദര ജില്ലയിലെ വ്യാവസായിക മെഡിക്കൽ ഗ്യാസ് നിർമ്മാണ കേന്ദ്രത്തിലായിരുന്നു സംഭവം.
രാവിലെ പതിനൊന്ന് മണിയോടെ പാഡ്രയിലെ എയിംസ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കമ്പനിയില്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. തുടർന്ന് സമീപത്തെ കെട്ടിടങ്ങളിലെ ജനാലകൾക്കും മറ്റും കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവര്‍ വഡോദരയ്ക്കടുത്തുള്ള അത്‌ലാഡറ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ ഭൂരിഭാഗവും സ്ഥാപനത്തിലെ തൊഴിലാളികളാണ്.
സിലിണ്ടറുകളില്‍ ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് സംശയം. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വഡോദര റൂറൽ എസ് പി സുധീർ ദേശായി അറിയിച്ചു.








