തിരുവനന്തപുരം: കളിയിക്കാവിളയിൽ തമിഴ്നാട് എഎസ്ഐ വില്‍സണെ വെടിവെച്ചുകൊന്ന കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി. തൗഫീഖ് (28), അബ്ദുല്‍ ഷമീം (32) എന്നീ മുഖ്യപ്രതികള്‍ക്കെതിരെയാണ് യു.എ.പി.എ ചുമത്തിയത്. തമിഴ്നാട് പൊലീസ് കേസന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.െഎ.എ) കൈമാറിയേക്കും. പ്രതികളായ അബ്ദുല്‍ സമീം, തൗഫിഖ് എന്നിവര്‍ തീവ്രവാദപരിശീലനം ലഭിച്ചവരാണെന്നും കൊലക്കുപിന്നില്‍ തീവ്രവാദബന്ധമുണ്ടെന്നുമാണ് വിലയിരുത്തല്‍.
ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ പ്രതികള്‍ക്ക് പരിശീലനം ലഭിച്ചിരുന്നതായും പൊലീസ് വിലയിരുത്തുന്നു. പ്രഫഷനല്‍ രീതിയിലായിരുന്നു പ്രതികളുടെ ആക്രമണം.
ഉന്നം തെറ്റാതെ ഇരുവരും വെടി ഉതിര്‍ത്തതാണ് ഇൗ നിഗമനത്തിനുകാരണം. ഇരുവര്‍ക്കും വടക്കേ ഇന്ത്യയില്‍ പരിശീലനം ലഭിച്ചിരുന്നതായും മാസങ്ങള്‍ക്ക് മുമ്പ് തന്നെ സംഘം ആക്രമണത്തിന് പദ്ധതിയിട്ടതായും സംശയിക്കുന്നു. തൊണ്ണൂറുകളില്‍ വിവിധ സ്ഫോടനക്കേസുകളില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന സംഘടനയുടെ പുതുതായി രൂപവത്കരിച്ച വിഭാഗത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണ് കൊലക്കുപിന്നിലെന്നാണ് അനുമാനം. സംഘടനയുടെ സാന്നിധ്യം അറിയിക്കാനും സഹപ്രവര്‍ത്തകരുടെ അറസ്റ്റിന് മറുപടി പറയാനോ മുന്‍വൈരാഗ്യം തീര്‍ക്കാനോ ആകാം ആക്രമണമെന്നാണ് പൊലീസ് കരുതുന്നത്.
കർണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് കഴിഞ്ഞ ദിവസം പ്രതികള്‍ പിടിയിലായത്. ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇവരെ റെയില്‍വേ -കര്‍ണാടക-തമിഴ്നാട് പൊലീസ് സംയുക്തമായി പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇവരെ തമിഴ്നാട്-കേരള അതിര്‍ത്തിയിലെ കുഴിത്തുറ സ്റ്റേഷനിലെത്തിച്ചു.
ജനുവരി എട്ടിന് രാത്രി 10.30 ഓടെയാണ് കളിയിക്കാവിള ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ മാര്‍ത്താണ്ഡം സ്വദേശി വില്‍സണെ ബൈക്കിലെത്തിയ പ്രതികള്‍ വെടിവെച്ചുകൊലപ്പെടുത്തിയത്. ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്നാണ് പൊലീസ് വിലയിരുത്തല്‍.
Discussion about this post