ചൈനയിൽ മാരകമായി പടരുന്ന കൊറോണ ബാധയുടെ വിവരങ്ങൾ പുറത്തറിയിച്ചിരുന്ന റിപ്പോർട്ടറെ കാണാതായി.മനുഷ്യാവകാശ പ്രവർത്തകനും സിറ്റിസൺ പത്രത്തിലെ റിപ്പോർട്ടറുമായ ചെൻ ക്വിഷിയെയാണ് വ്യാഴാഴ്ച മുതൽ കാണാതായിരിക്കുന്നത്. ചെൻ ക്വിഷിയും ഫാങ് ബിന്നും ചേർന്നാണ് കൊറോണ വൈറസ് ബാധയുടെ കൃത്യമായ വിവരങ്ങൾ അതാത് സമയത്ത് പുറംലോകത്തെ അറിയിച്ചിരുന്നത്. മൊബൈൽ ഫോണിലൂടെ ഇവർ സംപ്രേഷണം ചെയ്ത വാർത്തകൾ, പിന്നീട് സമൂഹ മാധ്യമങ്ങൾ വഴി ഷെയർ ചെയ്തതാണ് പുറംലോകം അറിഞ്ഞിരുന്നത്.
ലി വെൻലിയാങ് എന്ന നേത്രരോഗ വിദഗ്ധനെ, കൊറോണ ബാധയ്ക്കെതിരെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ബോധവൽക്കരണം നടത്താൻ ശ്രമിച്ചതിന് ചൈനീസ് അധികൃതർ ശിക്ഷിച്ച അതേ ദിവസം മുതലാണ് ക്വിഷിയെയും കാണാതായിരിക്കുന്നത്.വ്യാഴാഴ്ച, ആശുപത്രിയിലേക്ക് എന്ന് പറഞ്ഞു പുറത്തേക്കിറങ്ങിയ ചെൻ അപ്രത്യക്ഷമാവുകയായിരുന്നു.മകൻ അധികൃതരുടെ കസ്റ്റഡിയിൽ ഉണ്ടെന്നാണ് ചെൻ ക്വിഷിയുടെ അമ്മ പറയുന്നത്. അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് ജനരോഷം ഗവൺമെന്റിനെതിരേ തിരിഞ്ഞിട്ടുണ്ട്. ട്വിറ്ററിൽ, രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സും, യൂട്യൂബിൽ നാലുലക്ഷം സബ്സ്ക്രൈബേഴ്സുമുള്ള ക്വിഷിയുടെ തിരോധാനം സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്
Discussion about this post