ന്യൂഡൽഹി : പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച യുഎസ് സർക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്ത് ഇന്ത്യ. ഇന്ത്യ-യുഎസ്എ ഭീകരവിരുദ്ധ സഹകരണത്തിന്റെ മറ്റൊരു ശക്തമായ പ്രകടനമാണ് ടിആർഎഫിനെതിരായ അമേരിക്കയുടെ നീക്കം എന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. ഭീകരതക്കെതിരെ ഇനി ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല എന്നും ഭീകരതയ്ക്ക് ധനസഹായം നൽകുന്നവർക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും എന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി.
ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രതിനിധിയായ റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടിആർഎഫ്) ഒരു വിദേശ ഭീകര സംഘടനയായും പ്രത്യേകമായി നിയുക്ത ആഗോള ഭീകരനായും പട്ടികപ്പെടുത്തിയതിന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനെ അഭിനന്ദിക്കുന്നതായി യുഎസിലെ ഇന്ത്യൻ എംബസി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ അറിയിച്ചു. ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) വിദേശകാര്യ മന്ത്രിമാരുടെ കൗൺസിൽ യോഗത്തിൽ സംസാരിച്ച ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ഭീകരതയ്‌ക്കെതിരെ ഒരു വിട്ടുവീഴ്ചയും കാണിക്കരുതെന്ന് ആവശ്യപ്പെട്ടു. ഭീകരതക്കെതിരെ ഇന്ത്യ സ്വീകരിക്കുന്ന നടപടികൾ ഇനിയും തുടരും എന്നും അദ്ദേഹം അറിയിച്ചു.
തീവ്രവാദത്തെ ചെറുക്കുന്നതിനും സാധാരണക്കാരെ ലക്ഷ്യമിടുന്നവരെ നേരിടുന്നതിനുമുള്ള അമേരിക്കയുടെ പ്രതിബദ്ധതയാണ് ടിആർഎഫിനെ ആഗോള ഭീകര സംഘടനയായി മുദ്രകുത്തിയ യുഎസ് സർക്കാരിന്റെ പ്രഖ്യാപനം വ്യക്തമാക്കുന്നത് എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. സമീപ വർഷങ്ങളിൽ ഇന്ത്യൻ സുരക്ഷാ സേനയ്‌ക്കെതിരെ ടിആർഎഫ് നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. തീവ്രവാദ സംഘടനകളെ അടിച്ചമർത്തുന്നതിലൂടെ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ട്രംപ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് മാർക്കോ റൂബിയോ സമൂഹമാധ്യമ പോസ്റ്റിലൂടെ വിശദീകരിച്ചു.
Discussion about this post