രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല തന്റെ ബഹിരാകാശദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷം തിരിച്ചെത്തിയിരിക്കുകയാണ്. ദൗത്യത്തിന് മുന്നോടിയായുള്ള നടപടി ക്രമങ്ങളും യാത്രയുമൊക്കയായി കഴിഞ്ഞ രണ്ട് മാസമായി കുടുംബത്തിൽ നിന്ന് പാടെ അകന്നുകഴിയുകയായികുന്നു അദ്ദേഹം. ഇപ്പോഴിതാ ശുഭകരമായ ദൗത്യത്തിന് ശേഷം കുടുംബത്തെ കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് ഭാരതത്തിന്റെ അഭിമാനപുത്രൻ.
ബഹിരാകാശ യാത്ര വളരെ മനോഹരമാകുന്നതു പോലെയാണ് ദീർഘകാലത്തിനു ശേഷം നിങ്ങളുടെ പ്രിയപ്പെട്ടവരെ കാണുന്നതും. ഞാൻ ക്വാറന്റീനിലായിട്ട് രണ്ടുമാസത്തോളമായിരുന്നു. ആ സമയത്ത് 8 മീറ്റർ അകലെ നിന്നാണ് കുടുംബത്തെ കണ്ടിരുന്നത്. എന്റെ കുഞ്ഞിനോട് അവന്റെ കൈകളിൽ അണുക്കളുള്ളതിനാലാണ് അച്ഛനെ തൊടാൻ സാധിക്കാത്തതെന്ന് പറയേണ്ടിവന്നു. ഞാൻ പോയി കൈകഴുകി വരട്ടെ? എന്ന് കാണാൻ വരുമ്പോഴൊക്കെ അമ്മയോട് അവൻ ചോദിച്ചിരുന്നു. അതൊരു വെല്ലുവിളിയായിരുന്നു. ഇപ്പോൾ ഭൂമിയിലേക്ക് തിരകെ വന്ന് എന്റെ കുടുംബത്തെ കൈകളിൽ ചേർത്തു പിടിക്കുമ്പോൾ വീട്ടിലെത്തിയതു പോലെയാണ്. പ്രിയപ്പെട്ട ഒരാളെ കണ്ടെത്തി നിങ്ങൾ അവരെ സ്‌നേഹിക്കുന്നു എന്ന് ഇന്ന് അവരോടു പറയണം. തിരക്കുകൾക്കിടയിൽ പലപ്പോഴും നമ്മുടെ ജീവിതത്തിൽ മനുഷ്യർക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് നമ്മൾ മറന്നു പോകും. മനുഷ്യന്റെ ബഹിരാകാശ ദൗത്യം മാന്ത്രികമാണ്. പക്ഷേ, അത് മാന്ത്രികമാക്കുന്നത് മനുഷ്യൻ തന്നെയാണെന്ന് ശുഭാംശു ശുക്ല ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ശുഭാംശു സുരക്ഷിതമായി തിരിച്ചെത്തിയിരിക്കുകയാണെന്നും ഇപ്പോൾ അദ്ദേഹത്തിന്റ ആരോഗ്യ പരിപാലനത്തിനാണ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും കാമ്‌ന പ്രതികരിച്ചു. ‘അദ്ദേഹത്തിന്റെ അവിസ്മരണീയമായ യാത്രയ്ക്കു ശേഷം ഒന്നിക്കാൻ കഴിഞ്ഞു എന്നതു തന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ആഘോഷമാണ്. അദ്ദേഹത്തിനു പ്രിയപ്പെട്ട ഭക്ഷണമെല്ലാം ഞാൻ തയാറാക്കിയിട്ടുണ്ട്. ബഹിരാകാശ യാത്രയുടെ സമയത്ത് വീട്ടിലുണ്ടാക്കിയ ഭക്ഷണം അദ്ദേഹം ഉറപ്പായും മിസ് ചെയ്തിരിക്കുമെന്ന് കാമ്‌ന പറഞ്ഞു.
Discussion about this post