അഗളി: അട്ടപ്പാടിയിലെ മല്ലീശ്വരമുടിയില്‍ ജ്യോതി തെളിഞ്ഞപ്പോള്‍ താഴ്വരയില് ശിവസ്തുതികളുയര്ന്നു. ഗോത്രസമുദായവും വിശ്വാസികളും കാത്തിരുന്ന മുഹൂര്‍ത്തമായിരുന്നു. വൈകീട്ട് 6.30-ന് ആണ് ജ്യോതി തെളിഞ്ഞത്. ജ്യോതി ദര്‍ശിച്ചശേഷമാണ് ആദിവാസി ഈരുകളിലും മറ്റും ആചാരപ്രകാരം വിളക്കുകള്‍ തെളിയിച്ചത്. ഗോത്രവിഭാഗത്തിന്റെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് ചെമ്മണ്ണൂര്‍ മല്ലീശ്വരക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം. 14 ദിവസമായി വ്രതമനുഷ്ടിച്ചിരുന്ന പൊട്ടിക്കല്‍ ഊരിലെ 176 മല പൂജാരിമാരാണ് പൊട്ടിക്കല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ മല്ലീശ്വരമുടിയിലെത്തി ഗോത്രാചാരപ്രകാരം ജ്യോതി തെളിയിച്ചത്.
വ്യാഴാഴ്ച ഭവാനിപ്പുഴയോരത്തുവന്ന് പൂജാരിമാർ താമസിച്ചു. തുടർന്ന് വെള്ളിയാഴ്ച 11 മണിയോടെ ചെമ്മണ്ണൂര്‍ ക്ഷേത്രാങ്കണത്തിലേക്ക് ആനയിച്ചു. മലയില്‍ വിളക്ക് തെളിക്കുന്നതിനുള്ള തിരി ചുറ്റി. മുളകൊണ്ടുള്ള പാത്രങ്ങളില്‍ പൂജാവസ്തുക്കളുമായി മല പൂജാരിമാര്‍ 12 മണിയോടെ മല്ലീശ്വരമുടിയിലേക്ക് തിരിച്ചു. വാദ്യമേളങ്ങളോടെ ക്ഷേത്രം ഭാരവാഹികളും ഊരുവാസികളും പൂജാരിമാരെ ഭവാനിപ്പുഴ കടത്തി യാത്രയാക്കി. ഇവര്‍ ആറുമണിയോടെ മലയിലെത്തി പൂജകള്‍ നിര്‍വഹിച്ചശേഷമാണ് തിരി തെളിയിച്ചത്.
വിളക്കുതെളിയിച്ച് മല്ലീശ്വരമുടിയില്‍ തങ്ങുന്ന മല പൂജാരിമാര്‍ ചൊവ്വാഴ്ച രാവിലെ പൂജയ്ക്കുശേഷം മലയിറങ്ങും. വെള്ളിയാഴ്ച രാവിലെമുതല്‍ ക്ഷേത്രത്തില്‍ കാണിക്കയും വിത്തിനങ്ങളും അര്‍പ്പിക്കുന്നതിനായി കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നും ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്.
സുരക്ഷയൊരുക്കാൻ എസ്.ഐ. സി.എം. അബ്ദുള്‍ ഖയൂമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വനംവകുപ്പ് എസ്.എഫ്.ഒ.മാരായ പെരുമാള്‍, സുബിന് എന്നിവരടങ്ങുന്ന സംഘവും മല്ലീശ്വരമുടിയിലേക്കുള്ള പകുതിവഴി വരെ മല പൂജാരിമാരെ അനുഗമിച്ചു. ആലത്തൂര്‍ ഡിവൈ.എസ്.പി. ദേവസ്യ, അഗളി സി.ഐ. ഹിദായത്തുള്ള മാമ്പ്ര എന്നിവരുടെ നേതൃത്വത്തില്‍ പോലീസും എക്സൈസ്, വനംവകുപ്പ്, റെവന്യൂ ജീവനക്കാരും ക്ഷേത്രപരിസരത്ത് സുരക്ഷ ശക്തമാക്കി. 200 പോലീസുകാരെ അധികമായി അട്ടപ്പാടിയില്‍ വിന്യസിപ്പിച്ചിട്ടുണ്ട്.
രാവിലെ 5.30-ന് അഭിഷേകം, പ്രഭാതപൂജ. രണ്ടുമണിക്ക് മല പൂജാരിമാരെ ഭവാനിപ്പുഴയില്‍ നിന്ന് ക്ഷേത്രത്തിലേക്കാനയിക്കല്. വൈകീട്ട് 6.30-ന് മെഗാ ഷോ. 11.30-ന് ബാലെ.
Discussion about this post