ഡൽഹി: കേന്ദ്രമന്ത്രി വി മുരളീധരന്റെ കൊറോണ പരിശോധന ഫലം പുറത്ത്. കേരളത്തിലെ കൊറോണ രോഗികളെ പരിചരിച്ച ഡോക്ടർമാരുമായി യോഗത്തിൽ പങ്കെടുത്തതിനെ തുടർന്ന് സ്വയം ക്വാറന്റൈന് വിധേയനായിരുന്ന അദ്ദേഹത്തിന്റെ പരിശോധന ഫലം നെഗറ്റീവാണ്.
ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ആശുപത്രിയിൽ അദ്ദേഹം യോഗത്തിൽ പങ്കെടുത്തത്. സ്പെയിനിൽ യാത്ര ചെയ്തിരുന്ന ഡോക്ടറും യോഗത്തിൽ പങ്കെടുത്തിരുന്നു. കൊറോണ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ഡോക്ടർ ഹോം ക്വാറന്റൈയിനിലാണ്.
സ്പെയിനിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി പോയിരുന്ന ഡോക്ടർ മാർച്ച് 2ആം തീയതി തിരിച്ചെത്തുകയും എട്ടാം തീയതി ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് മാർച്ച് 12ന് അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ ആവുകയായിരുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം നിലവിൽ രാജ്യത്ത് 126 പേർ കൊവിഡ്-19 രോഗബാധയെ തുടർന്ന് ചികിത്സയിലാണ്.








