സംസ്ഥാനത്തിലെ സ്കൂളുകളും കോളേജുകളും ജൂൺ ഒന്നിന് തുറന്നേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. എസ്എസ്എൽസി പ്ലസ് വൺ പ്ലസ് ടു പരീക്ഷകൾ വൈകാതെ തന്നെ നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വെളിപ്പെടുത്തി.
എട്ടാം ക്ലാസ് വരെയുള്ള എല്ലാ സ്കൂൾ പാഠപുസ്തകങ്ങളും ജില്ലകളിൽ എത്തിച്ചിട്ടുണ്ട് എന്നും, ഹൈസ്കൂൾ തലത്തിലെ പാഠപുസ്തകങ്ങൾ, വാഹന ഗതാഗതം ആരംഭിച്ചയുടനെ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് എല്ലാ പുസ്തകങ്ങളും അച്ചടിച്ചിട്ടുണ്ടെന്നും,പക്ഷേ, കോവിഡ് പ്രതിരോധത്തിന് പ്രധാന്യം കൊടുക്കുന്നതിനാലാണ് കാത്തിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓൺലൈനായി പരീക്ഷ നടത്തേണ്ട സാഹചര്യം ഉരുത്തിരിഞ്ഞു വന്നാൽ അതിനുവേണ്ട സംവിധാനങ്ങളുണ്ട്.സാമ്പ്രദായിക തലത്തിൽ ആണെങ്കിൽ, ആൾക്കാരെ പരമാവധി കുറച്ച് പലഘട്ടങ്ങളിലായി നടത്തുന്നതിനെക്കുറിച്ചാണ് സർക്കാർ ചിന്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.












