ഡൽഹി: തബ്ലീഗ് ജമാ അത്തിനെ നിരോധിക്കണമെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ. അവർ സമൂഹത്തെ ഇരുട്ടിൽ നിന്നും ഇരുട്ടിലേക്ക് നയിക്കുകയാണെന്നും തസ്ലീമ നസ്രീൻ പറഞ്ഞു. മുസ്ലീം സമുദായത്തിന് വിദ്യാഭ്യാസ മേഖലയിൽ പുരോഗതിയും ആധുനികവത്കരണവും ഉണ്ടാകാത്തത് ഇത്തരക്കാരുടെ ഇടപെടലുകൾ കൊണ്ടാണെന്നും അവർ അഭിപ്രായപ്പെട്ടു.
‘തബ്ലീഗ് ജമാ അത്തിന് ലോകത്താകമാനം ദശലക്ഷക്കണക്കിന് ആരാധകർ ഉണ്ട്. അവർ ലോകവ്യാപകമായി അന്ധകാരവും അജ്ഞാനവും വ്യാപിപ്പിക്കുകയാണ്. മലേഷ്യയിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ ഇന്ത്യയിലേക്ക് വരാൻ പാടില്ലായിരുന്നു.‘ അവർ പറഞ്ഞു.
ബാബറി മസ്ജിദ് തകർച്ചയെ തുടർന്ന് ബംഗ്ലാദേശിൽ ഹിന്ദു വിരുദ്ധ കലാപമുണ്ടായപ്പോൾ അതിനെതിരെ ‘ലജ്ജ‘ എന്ന നോവൽ എഴുതിയ എഴുത്തുകാരിയാണ് ഡോക്ടർ കൂടിയായ തസ്ലീമ നസ്രീൻ. നോവൽ വൻ വിവാദമാകുകയും തസ്ലീമയ്ക്കെതിരെ മത മൗലികവാദികൾ വധഭീഷണി പുറപ്പെടുവിക്കുകയും ചെയ്തതിനെ തുടർന്ന് ഇന്ത്യയിൽ അഭയം പ്രാപിച്ചിരിക്കുകയാണ് തസ്ലീമ.
അതേസമയം നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുമായി ബന്ധപ്പെട്ടാണ് രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ വർദ്ധിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രമുഖ കൊവിഡ് ഹോട്ട്സ്പോട്ടായി മതസമ്മേളനം നടന്ന നിസാമുദ്ദീൻ മാറിയിട്ടുണ്ട്.
Discussion about this post