ജമ്മുകശ്മീരിൽ, ഹന്ദ്വാരയിൽ നടന്ന ഏറ്റുമുട്ടലിൽ വീരമൃതു വരിച്ച രാഷ്ട്രീയ റൈഫിൾസിലെ കേണൽ അശുതോഷ് ശർമയുടെ ഓർമ്മകളിൽ ഭാര്യ പല്ലവി അശുതോഷ്. “അദ്ദേഹം എപ്പോഴും പറയുമായിരുന്നു, എനിക്ക് രാജ്യരക്ഷ നോക്കണം, നീ നമ്മുടെ കുടുംബത്തെയും എന്ന്.കഴിഞ്ഞ ഫെബ്രുവരിയിൽ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞിരുന്നു, ഭീകരരെ വധിച്ചു ഞാൻ തിരികെ വരുമെന്ന്.അദ്ദേഹം വരും.. ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ്” ശബ്ദമിടറാതെ, അഭിമാനത്തോടെയാണ് ഈ വാക്കുകൾ പല്ലവി പറഞ്ഞു നിർത്തിയത്. “1,500 പേരുടെ സുരക്ഷാ എന്റെ കൈകളിലാണെന്ന് അദ്ദേഹം ആവർത്തിച്ച് പറയുമായിരുന്നു. അതുകൊണ്ടുതന്നെയാണ് ഏറ്റുമുട്ടലിൽ അദ്ദേഹം മുൻനിരയിൽ നിന്നത്.” പല്ലവി കൂട്ടിച്ചേർത്തു.
അശുതോഷ് തന്റെ പതിമൂന്നാമത്തെ ശ്രമത്തിലാണ് സൈന്യത്തിൽ തിരഞ്ഞെടുക്കപ്പെടുന്നത്.പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിരവധി സാഹസിക ഏറ്റുമുട്ടലുകളുടെ ഭാഗമായിരുന്ന ശർമ, രണ്ടുതവണ ധീരതയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.








