2027-ൽ നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായി ചേർന്നുള്ള സഖ്യത്തിൽ 150-ൽ കുറയാത്ത സീറ്റുകൾ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇരുപാർട്ടികളും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും ഒക്ടോബർ മാസത്തോടെ ഇത് പൂർത്തിയാകുമെന്നും ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് രാജേന്ദ്ര പാൽ ഗൗതം അറിയിച്ചു. സംസ്ഥാനത്തെ 403 മണ്ഡലങ്ങളിലും മത്സരരംഗത്തിറങ്ങാൻ അനുയോജ്യരായ സ്ഥാനാർത്ഥികൾ പാർട്ടിക്ക് നിലവിലുണ്ടെന്നും സഖ്യത്തിന്റെ അടിസ്ഥാനത്തിൽ പകുതി സീറ്റുകൾക്ക് കോൺഗ്രസിന് അർഹതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് മാസമായി സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ആന്തരിക ചർച്ചകൾ പാർട്ടിയിൽ നടന്നു വരികയാണ്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് സീറ്റ് വിഭജനത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഇന്ത്യ മുന്നണിയുടെ ഭാഗമായി ഒരുമിച്ചാണ് മത്സരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലും ഈ സൗഹൃദം തുടരാനാണ് ആഗ്രഹിക്കുന്നതെങ്കിലും മാന്യമായ സീറ്റ് വിഹിതം ഉറപ്പാക്കാൻ കോൺഗ്രസ് ഉറച്ചുനിൽക്കുകയാണ്.
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് സംസ്ഥാനത്ത് താഴെത്തട്ടിൽ സംഘടനയെ ശക്തിപ്പെടുത്തി വരികയാണ്. മുഴുവൻ മണ്ഡലങ്ങളെയും എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് കോൺഗ്രസ് സാധ്യതകൾ വിലയിരുത്തുന്നത്. ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിൽ സ്വാധീനം ഉറപ്പിക്കാൻ ഇരുപാർട്ടികളും പ്രത്യേകം പ്രചാരണങ്ങൾ നടത്തുന്നുണ്ട്. അതേസമയം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നേരിടാൻ ബിജെപിയും ഒക്ടോബർ ആദ്യവാരം മഥുരയിൽ വെച്ച് രണ്ട് ദിവസത്തെ പ്രധാന യോഗം വിളിച്ച് ചേർത്തിട്ടുണ്ട്.








