കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധത്തെച്ചൊല്ലി രാഷ്ട്രീയ വാക്പോര് ശക്തമാകുന്നു. പ്രതിഷേധത്തിന്റെ ദൃശ്യം മന്ത്രി ഒ.ജെ. ജനീഷ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച ശേഷം പിൻവലിച്ചതിനെ പരിഹസിച്ച് സിപിഎം നേതാവ് എം.ബി. രാജേഷ് രംഗത്തെത്തി. അമിത് ഷായ്ക്കെതിരായ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിലപാട് സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് രാജേഷ് ചോദിച്ചു. നേരത്തെ പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധവുമായി താരതമ്യം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
അമിത് ഷായ്ക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ സതീശന് ‘മുട്ടുവിറയ്ക്കുകയാണോ’ എന്നും രാജേഷ് പരിഹസിച്ചു. പിണറായി വിജയനെതിരായ പ്രതിഷേധത്തെ പിന്തുണച്ചിരുന്ന സതീശൻ അമിത് ഷായ്ക്കെതിരായ പ്രതിഷേധത്തിൽ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സതീശന്റെ രാഷ്ട്രീയ നിലപാടുകളിൽ മാറ്റമുണ്ടായെന്നും രാജേഷ് വിമർശിച്ചു. ഇതോടൊപ്പം അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്കെതിരായ കടുത്ത രാഷ്ട്രീയ വിമർശനങ്ങളും രാജേഷ് ഉന്നയിച്ചു.
അതേസമയം, അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ നിന്ന് നീക്കിയതുമായി ബന്ധപ്പെട്ട് മന്ത്രി ഒ.ജെ. ജനീഷ് വിശദീകരണവുമായി രംഗത്തെത്തി. വീഡിയോ നീക്കിയത് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ലെന്നും തന്റെ സോഷ്യൽ മീഡിയ ടീമാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതാണെങ്കിലും ഇപ്പോൾ സംസ്ഥാന മന്ത്രിയുടെ പേരിൽ തന്നെ വീഡിയോ പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നതിനാലാണ് പോസ്റ്റ് ഒഴിവാക്കാൻ തന്റെ ഓഫീസ് നിർദേശിച്ചതെന്നും ജനീഷ് വ്യക്തമാക്കി.
കുറിപ്പ് വായിക്കാം :
അമിത് ഷാക്കെതിരായ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധത്തിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ മന്ത്രിയും യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ ജനീഷ് പങ്കുവെച്ചത് മുഖ്യമന്ത്രി ഇടപെട്ട് പിൻവലിപ്പിച്ചു എന്നാണ് വാർത്ത. അമിത് ഷാക്കെതിരായി യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചതിനാൽ മുഖ്യമന്ത്രി വി ഡി സതീശൻ യൂത്ത് കോൺഗ്രസിനോട് കട്ട കലിപ്പിലാണെന്നും വാർത്തകൾ കാണുകയുണ്ടായി. നിലപാടുകളുടെ രാജകുമാരൻ എന്ന് വാഴ്ത്തിയവരൊക്കെ എവിടെ പോയി? ഇപ്പോൾ സതീശന്റെ നിലപാടുകളുടെ ആത്മഹത്യയാണ് ദൈനംദിനം കാണുന്നത്.
അമിത് ഷാ കരിങ്കൊടി കണ്ടാൽ സതീശന് നോവുന്നത് എന്തിനാവും ? പണ്ട് നവകേരള സദസ്സിന്റെ സമയത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായിക്കെതിരെ ഇതേ യൂത്ത് കോൺഗ്രസിനെ കരിങ്കൊടിയും കൊടുത്തയച്ച സതീശന് അമിത് ഷാക്കെതിരെ കരിങ്കൊടി കാണിക്കുമ്പോൾ മാത്രം മുട്ടു വിറയ്ക്കുന്നോ? അന്ന് പിണറായിക്കെതിരെ മുൻകൂട്ടി പ്രഖ്യാപിച്ചിട്ടായിരുന്നോ കരിങ്കൊടി പ്രതിഷേധം നടത്തിയത്?എന്തു കാരണത്തിനായിരുന്നു അന്ന് സതീശൻ യൂത്ത് കോൺഗ്രസിനെ കരിങ്കൊടിയുമായി അഴിച്ചുവിട്ടത്? കരിങ്കൊടി പിണറായിക്കെതിരാണെങ്കിൽ ബലേഭേഷ്! അമിത്ഷാക്കെതിരാണെങ്കിൽ സതീശന് മുട്ടുവിറക്കും.ഗോൾവാൾക്കർ ചിത്രത്തിനു മുന്നിൽ കുമ്പിട്ട സതീശൻ അമിത്ഷായുടെയും മോദിയുടെയും മുന്നിൽ കുമ്പിടുന്നതിൽ എന്തതിശയം? വന്ദേമാതരം മുതൽ പാലത്തായി കേസിലെ പ്രതിക്കും ജന്ദർ മന്തർ സമരക്കാരെ വെടിവെച്ചു കൊല്ലണമെന്ന് ആക്രോശിച്ച സംഘപരിവാർ കൊലവെറിയനും ജാമ്യം ഉറപ്പിക്കുകയും കാപ്പ കേസിൽ പ്രതിയായ കൗൺസിലർക്ക് ജയിലിൽ സത്യപ്രതിജ്ഞയ്ക്ക് സൗകര്യം ഒരുക്കി തിരുവനന്തപുരത്തെ ബിജെപിയുടെ നഗരഭരണം സംരക്ഷിക്കുകയും ചെയ്ത സതീശൻ,കോൺഗ്രസിൽ സംഘപരിവാർ നടത്തിയിട്ടുള്ള ദീർഘകാല നിക്ഷേപമാണ്. സമയമാകുമ്പോൾ ആ നിക്ഷേപം പിൻവലിച്ചു ബിജെപി വിനിയോഗിക്കും.
ഇതേ അമിത് ഷായോടാണ് പണ്ട് പിണറായി വിജയൻ എന്ന മുഖ്യമന്ത്രി പറഞ്ഞത്, എൽഡിഎഫ് സർക്കാരിനെ മറിച്ചിടാൻ നിങ്ങളുടെ ആരോഗ്യം മതിയാവില്ല എന്ന്. അത് മനസ്സിലായ അമിത് ഷാ കോൺഗ്രസിനെ മുൻനിർത്തി തെരഞ്ഞെടുപ്പിൽ ലക്ഷ്യം നേടി. ഇനി കേരളം ഒറ്റയ്ക്ക് പിടിക്കാൻ ഇഡിയെ അഴിച്ചുവിട്ടിരിക്കുന്നു. ഇഡി ഭീഷണിക്കു മുന്നിൽ ഞങ്ങൾ കുലുങ്ങില്ല.പക്ഷേ കോൺഗ്രസ് കുലുങ്ങുക മാത്രമല്ല കുനിയുകയും ചെയ്യും. അതുകൊണ്ട് കൂടിയാണ് മെറ്റയെ കൊണ്ട് തനിക്കെതിരായ വീഡിയോ നീക്കം ചെയ്യിക്കുന്ന സതീശൻ യൂത്ത് കോൺഗ്രസ് പ്രസിഡണ്ടായ മന്ത്രിയെ കൊണ്ട് അമിത് ഷാക്കെതിരായ വീഡിയോയും നീക്കം ചെയ്യിക്കുന്നത്








