അരുണാചൽ പ്രദേശിലെ തവാങ്ങ് മേഖലയിൽ ഉൾപ്പെടുന്ന ക്യാ ഫോ, ഇന്ത്യ ചൈന അതിർത്തി പ്രദേശത്തെ നിർണായകമായൊരു പ്രവിശ്യയാണ്.അപ്രതീക്ഷിതമായി ഒരു യാത്രയ്ക്കിടയിലാണ് ഇന്ത്യൻ സൈന്യത്തിലെ ലെഫ്റ്റനന്റ് റാങ്കിലുള്ളൊരു യുവതി അവിടെയെത്തിയത്.ആശിഷ് ടോപ് എന്നു പേരിട്ടിരുന്ന ഒരു ചെങ്കുത്തായ മലയുടെ കീഴിൽ വാഹനം നിർത്തിയ അവൾ ഒരു നിമിഷം ആ പേര് ശ്രദ്ധിച്ചു.പ്രാദേശിക ഭാഷയിൽ നിന്നും വ്യത്യസ്തമായ ഒരു പേരിൽ ആ പ്രദേശമറിയപ്പെടുന്നതിന് പിന്നിലെ കാരണമന്വേഷിച്ചു കൊണ്ട് ആ യുവതി സൈന്യത്തിന്റെ ഔട്ട്പോസ്റ്റിലെത്തി.ഹിൽടോപ്പിന് ഇങ്ങനെയൊരു പേര് വരാൻ കാരണം അന്വേഷിച്ചെത്തിയ യുവതിയോട് ചെക്പോസ്റ്റിൽ ജോലി ചെയ്തിരുന്ന സൈനികർ സാവധാനം ആ കഥ പറഞ്ഞു തുടങ്ങി.
മുപ്പതിലധികം വർഷങ്ങൾക്കു മുമ്പ് കൃത്യമായി പറഞ്ഞാൽ, 1986ലാണ് കഥ നടക്കുന്നത്. ഇന്ത്യ ചൈന നിയന്ത്രണ രേഖയായ എൽ.എ.സിയുടെ പലഭാഗത്തു കൂടെയും ചൈന നുഴഞ്ഞു കയറി പ്രതീക്ഷകൾ പിടിച്ചടക്കാൻ ശ്രമിക്കുന്ന കാലം.ഒരിക്കൽ, അതിശൈത്യത്തിന്റെ ആരംഭമായ ഒക്ടോബർ മാസത്തിൽ അരുണാചലിലെ സുംദോറോംഗ്ചുവിൽ അതിർത്തി ലംഘിച്ചു കൊണ്ട് ഇന്ത്യൻ മണ്ണിൽ അതിക്രമിച്ചു കയറിയ ചൈനീസ് സൈന്യം ടെന്റുകൾ കെട്ടി താമസമുറപ്പിച്ചു.നുഴഞ്ഞു കയറ്റത്തിന്റെ വിവരങ്ങളറിഞ്ഞ ഇന്ത്യൻ സൈന്യം പ്രതിഷേധമറിയിച്ചു.എന്നാൽ, ചൈന അവിടെ സ്ഥിരവാസത്തിനുള്ള പുറപ്പാടായിരുന്നു. ഹെവി ആർട്ടിലറികൾ, ട്രഞ്ചുകൾ, ബങ്കറുകൾ, കൂറ്റൻ സൈനിക ഹെലികോപ്റ്ററുകൾ ഇറങ്ങാനുള്ള ഹെലിപാഡുകൾ എന്നിവ നിർമ്മിക്കാനുള്ള ഒരുക്കത്തിലായിരുന്നു ചൈനീസ് പട്ടാളം.ഈ പ്രദേശം ചൈനയുടേതാണെന്ന മറുപടി ലഭിച്ച ഇന്ത്യയ്ക്ക് സൈനികനടപടിയല്ലാതെ മറ്റൊന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല.
കൃഷ്ണസ്വാമി സുന്ദർജിയെന്ന അന്നത്തെ കരസേനാ മേധാവി നല്ല വാശിയുള്ള മദ്രാസിയായിരുന്നു.ഓപ്പറേഷൻ ഫാൽക്കൺ എന്ന പേരിൽ സ്വിച്ചിട്ട പോലെ പ്രതിരോധ നടപടിയ്‌ക്ക് പദ്ധതി തയ്യാറായി.ഒട്ടും സമയം ചെലവാക്കാതെ കൃഷ്ണസ്വാമി ഒരു ഇൻഫൻട്രി ബ്രിഗേഡിനെ പ്രദേശത്തേക്ക് എയർ ലിഫ്റ്റ് ചെയ്തു.കൊൽക്കത്തക്കാരനായ ആസാം റെജിമെന്റ് തലവൻ കേണൽ ആശിഷ് ദാസായിരുന്നു ആ സൈനിക നീക്കത്തിന്റെ നേതൃസ്ഥാനത്ത്.തവാങ് മേഖല അരുണാചൽ പ്രദേശിൽ ഏറ്റവും കനത്ത മഞ്ഞുവീഴ്ചയുള്ള സ്ഥലങ്ങളിൽ ഒന്നാണ്.അതിലൂടെയാണ് ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ എന്ന 4,056 കിലോമീറ്റർ നീളമുള്ള ഇന്ത്യ-ചൈന അതിർത്തി രേഖ കടന്നുപോകുന്നത്. മഞ്ഞിടിച്ചിലും, മണ്ണിടിച്ചിലും മാസത്തിൽ ഒന്നു വീതമെങ്കിലും റിപ്പോർട്ട് ചെയ്യുന്ന അപകടകരമായ ഭൂപ്രകൃതി.അതു കൊണ്ടു തന്നെ,14,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആ ദുർഘടമായ മലമ്പ്രദേശത്ത് നടത്തേണ്ടിയിരുന്ന സൈനികനടപടി അതീവ ദുഷ്കരമായിരുന്നു. അക്ഷരാർത്ഥത്തിൽ പ്രതികൂലമായിരുന്ന കാലാവസ്ഥ മൂലം, ഒക്ടോബർ 18-ന് തുടങ്ങിയ എയർലിഫ്റ്റ് 20നാണ് പൂർണമായത്.
ചൈനീസ് അധിനിവേശം നടന്ന പ്രവിശ്യയ്ക്കടുത്ത് സിമിതാങ്ങ് മേഖലയിൽ റഷ്യൻ നിർമ്മിതഎം.ഐ 26 ഹെലികോപ്റ്ററുകളിൽ പറന്നിറങ്ങിയ ഇന്ത്യൻ സൈന്യം ചൈനീസ് പട്ടാളത്തിനു നേരെ കുതിച്ചു. കനത്ത പോരാട്ടത്തിനൊടുവിൽ കേണലും സംഘവും ആ പ്രവിശ്യ തിരിച്ചു പിടിച്ചു. പോരാട്ടത്തിനിടയിൽ, സൈനികർക്ക് ഭക്ഷണം എത്തിക്കുക എന്നതായിരുന്നു ഏറ്റവും പ്രയാസമേറിയ കാര്യം.അക്കാലത്ത് തവാങ്ങിലേക്ക് റോഡുകളില്ലായിരുന്നതിനാൽ, ഹെലികോപ്റ്റർ മുഖേനയിരുന്നു ആഹാരപദാർത്ഥങ്ങൾ എത്തിച്ചിരുന്നത്.ഒരിക്കൽ, ജിപിഎസ് നിലവിൽ വന്നിട്ടില്ലാത്ത അക്കാലത്ത്, പൈലറ്റിനു സംഭവിച്ച പിഴവുമൂലം ഇന്ത്യൻ സൈനികർക്കുള്ള ഭക്ഷണം ചൈനീസ് ക്യാമ്പിലാണ് ചെന്നു വീണത്. റേഡിയോ സിഗ്നലുകളുടെ ദൗർലഭ്യം നിമിത്തം ബേസ് ക്യാമ്പിൽ വിവരമറിയിക്കാനും കേണൽ ആശിഷിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സൈനികർക്ക് സാധിച്ചില്ല. വിശപ്പ് സഹിക്കാതായപ്പോൾ, മലയിടുക്കുകളിൽ കാണുന്ന ഒരിനം എലികളെ പിടികൂടി ഭക്ഷിച്ചായിരുന്നു ഇന്ത്യൻ സൈന്യം വിശപ്പടക്കിയത്.
അതിർത്തിക്കുള്ളിൽ അതിക്രമിച്ചു കയറിയ ചൈനീസ് പട്ടാളക്കാരെ ഇന്ത്യ നിർദ്ദാക്ഷിണ്യം വക വരുത്തിയതോടെ ഇരുരാജ്യങ്ങളും അതിർത്തിയിൽ വൻ ആയുധ-സൈനിക വിന്യാസമാരംഭിച്ചു. അന്താരാഷ്ട്ര സമ്മർദ്ദങ്ങളും, വിട്ടുവീഴ്ചയില്ലാത്ത ഇന്ത്യയുടെ മനോഭാവവും നിമിത്തം നവംബർ 15ന് ചൈന ഫ്ലാഗ് മീറ്റിന് ഇന്ത്യയെ ക്ഷണിച്ചു. എന്നാൽ ആ സമയത്ത്, സൈന്യത്തിന്റെ ശക്തമായ പ്രതിരോധം നിമിത്തം ലഭിച്ച മറയുടെ അനുകൂല സാഹചര്യം, ഇന്ത്യൻ ഭരണകൂടം പരമാവധി മുതലാക്കി. കയ്യും മെയ്യും മറന്ന് പ്രവർത്തിച്ച് അരുണാചൽപ്രദേശിനെ ഒരു പൂർണ്ണ ഇന്ത്യൻ നിയന്ത്രിത സംസ്ഥാനമാക്കി മാറ്റിയെടുത്തു. ഇത്ര കടുംപിടുത്തം വേണമോ എന്ന് ശങ്കിച്ച ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോട് ” വേണം. അവർ അതർഹിക്കുന്നു” എന്നായിരുന്നു ഇന്ത്യൻ സൈന്യത്തെ പ്രതിനിധീകരിച്ച് കൃഷ്ണസ്വാമി സുന്ദർജി ഘനഗംഭീര ശബ്ദത്തോടെ മറുപടി നൽകിയത്.
“ചങ്കൂറ്റവും രാജ്യസ്നേഹവും മാത്രം കൈമുതലാക്കി ഇന്ത്യൻ സൈനികർ പോരാടിയ ആ മണ്ണിലാണ് നമ്മൾ ഇപ്പോൾ നിൽക്കുന്നതെന്ന്” ചെക്ക്പോസ്റ്റിലെ സൈനികൻ ആ വനിതാ ലഫ്റ്റനന്റിനോട് പറഞ്ഞു.കേണൽ ആശിഷ് ദാസിന്റെയും സംഘത്തിന്റെയും വിജയത്തിന്റെ സ്മരണയ്ക്കാണ് ഈ പ്രദേശത്തിന് ആശിഷ് ടോപ് എന്ന പേരു നൽകിയതെന്നും അവൻ കൂട്ടിച്ചേർത്തു.
ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം അഭിമാനപൂരിതമായ ഉറച്ച ശബ്ദത്തിൽ ആ യുവതി പറഞ്ഞു.” താങ്കളീ പറഞ്ഞ ആസാം റെജിമെന്റിലെ കേണൽ ആശിഷ് ദാസ്.. അദ്ദേഹമെന്റെ പിതാവാണ്!”
ആശിഷ് ടോപ്പിൽ ഈ സംഭവം നടക്കുന്നത് മൂന്നു വർഷം മുൻപാണ്. ഇതിപ്പോൾ പറയാനുള്ള കാരണം, ഈ വനിതാ ലഫ്റ്റനന്റിന്റെ സഹോദരനാണ്. അദ്ദേഹവും ഇന്ത്യൻ സൈന്യത്തിൽ ലഫ്റ്റനന്റായി സേവനമനുഷ്ഠിക്കുക യാണ്.കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ, കഴിഞ്ഞയാഴ്ച നടന്ന ഇന്ത്യ-ചൈന സംഘർഷത്തിന് കാരണക്കാരനായ, മുഷ്ടിചുരുട്ടി ഒറ്റയിടിക്ക് ചൈനീസ് ആർമി മേജറെ താഴെ വീഴ്ത്തിയ അതേ ലഫ്റ്റനന്റ്.ധീരനായ അച്ഛന്റെ ധീരനായ മകൻ.!
Discussion about this post