ഡല്‍ഹി: ആഭ്യന്തര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ക്വാറന്റൈനില്‍ പോകേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. തിങ്കളാഴ്ച മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ചെറിയ യാത്രകള്‍ ചെയ്യുന്ന യാത്രികരെ ക്വാറന്റൈന് ചെയ്യുന്നതിനോട് സര്‍ക്കാരിനു യോജിപ്പില്ല. അനാവശ്യ സംഭ്രമം സൃഷ്ടിക്കേണ്ടതില്ല. കൊറോണ പോസിറ്റീവ് രോഗികളെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ 14 ദിവസ ക്വാറന്റൈന് പ്രായോഗികമല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കൊറോണ പോസിറ്റീവാണെങ്കില്‍ വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുക പോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആഭ്യന്തര വിമാന സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ യാത്രക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടിരുന്നു. യാത്രക്കാരുടെ മൊബൈല്‍ ഫോണില്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ആരോഗ്യസേതുവില്‍ ഗ്രീന്‍ മോഡ് അല്ലാത്തവര്‍ക്ക് വിമാനത്താവളത്തിലേക്കു പ്രവേശനം അനുവദിക്കില്ല. എന്നാല്‍ 14 വയസില്‍ താഴോട്ടുള്ളവര്‍ക്ക് ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമല്ലെന്നും കേന്ദ്രം വ്യക്തമാക്കി.
വിമാനം പുറപ്പെടുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തണം. എന്നാല്‍ വിമാനം പുറപ്പെടുന്നതിനു നാലു മണിക്കൂര്‍ മുമ്പു മാത്രമേ യാത്രക്കാരെ ടെര്മിനലിലേക്കു കടത്തി വിടുകയുള്ളു. എല്ലാ യാത്രക്കാരും തെര്‍മല്‍ സ്കാനിംഗിനു നിര്‍ബന്ധമായും വിധേയരാകണം. വിമാനത്താവളത്തില്‍ ട്രോളി അനുവദിക്കില്ലെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.
അതേസമയം, അത്യാവശ്യക്കാര്‍ക്ക് ട്രോളി ലഭിക്കും. പ്രവേശന കവാടത്തില്‍ സോഡിയം ഹൈപ്പോക്ലോറേറ്റ് ലായനയി മുക്കിയ മാറ്റുകള്‍ നിലത്തു വിരിക്കണം. ബോര്‍ഡിംഗ് കാര്‍ഡുകള്‍ നല്കുന്ന കൗണ്ടറുകള്‍ ഗ്ലാസ് അല്ലെങ്കില്‍ പ്ളെക്സി ഗ്ലാസ് ഉപയോഗിച്ചു തിരിക്കണം. സാമൂഹിക അകലം പാലിച്ചു മാത്രമേ വിമാനത്താവളത്തില്‍ ഇരിക്കാവൂ. ഓപ്പണ്‍ എയര്‍ വെന്റിലേഷന് ഉപയോഗിക്കണം, അണുവിമുക്തമാക്കിയതിനു ശേഷം ലഗേജുകള്‍ നല്‍കണം. ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി.
Discussion about this post