പനജി: കൊവിഡ് രോഗവ്യാപനത്തിനെതിരെ ചിട്ടയായ പ്രതിരോധ നടപടികളുമായി മാതൃകാപരമായ മുന്നേറ്റം നടത്തി ഗോവ. സംസ്ഥാനത്ത് അഞ്ചാം ഘട്ട ലോക്ക് ഡൗൺ മുൻകൂട്ടി പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. പതിനഞ്ച് ദിവസത്തേക്കാണ് ഗോവയിൽ ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ച് അദ്ദേഹത്തെ വിവരങ്ങൾ ധരിപ്പിച്ചതായും അദ്ദേഹത്തിന്റെ പിന്തുണയോടെയാണ് ലോക്ക് ഡൗൺ നീട്ടാൻ തീരുമാനിച്ചതെന്നും പ്രമോദ് സാവന്ത് അറിയിച്ചു. എന്നാൽ അഞ്ചാം ഘട്ടത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കും. റസ്റ്റോറന്റുകളിൽ സാമൂഹിക അകലം പാലിച്ച് 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കും. ജിമ്മുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഗോവയിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 69 ആണ്. രാജ്യത്ത് മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയിലുള്ള ഗോവയിൽ രോഗവ്യാപന നിരക്കും വളരെ കുറവാണ്.









