ലോക്ഡൗൺ 5.0 മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരം ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ എന്നിവ ജൂൺ എട്ട് മുതൽ തുറക്കാം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്ഷേത്രങ്ങളും പള്ളികളും അടക്കമുള്ള ആരാധനാലയങ്ങളും അന്നേ ദിവസം മുതൽ തുറന്നു പ്രവർത്തിക്കും. സംസ്ഥാന സർക്കാരുകളുമായി സംസാരിച്ച് സാഹചര്യം വിലയിരുത്തിയതിനു ശേഷം കോളേജുകളും സ്കൂളുകളും പോലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈയിൽ തുറക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
എന്നാൽ, കണ്ടെയിൻമെന്റ് സോണുകളിൽ ഇളവ് ബാധകമല്ലെന്നും, നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. തുറക്കാനുള്ള കൃത്യമായ മാർഗനിർദേശങ്ങൾ, കൂടിയാലോചനകൾക്ക് ശേഷം കേന്ദ്രആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിക്കുമെന്നും സർക്കാർ അറിയിച്ചു.








