2023-ൽ ‘ഇൻഡി’ (INDIA) മുന്നണിയിൽ ജെ.ഡി.യു അധ്യക്ഷൻ നിതീഷ് കുമാറിന് ആവശ്യമായ പരിഗണന നൽകിയിരുന്നെങ്കിൽ രാജ്യത്തെ നിലവിലെ രാഷ്ട്രീയ ചിത്രം മറ്റൊന്നാകുമായിരുന്നു എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. അടുത്തിടെ നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് ദിഗ്‌വിജയ് സിങ് ഇത്തരമൊരു അഭിപ്രായം ഉന്നയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സഖ്യത്തിന്റെ കൺവീനർ പദവി നിതീഷ് കുമാർ ആഗ്രഹിച്ചിരുന്നുവെന്നും, അന്നദ്ദേഹത്തെ കൂടെനിർത്താൻ സാധിച്ചിരുന്നെങ്കിൽ എൻ.ഡി.എ ക്യാമ്പിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം ഒഴിവാക്കാമായിരുന്നു എന്നും സിങ് വാദിച്ചു.
ബി.ജെ.പിയും ആർ.എസ്.എസും ഇപ്പോൾ നിൽക്കുന്നതിനേക്കാൾ ദുർബലമായ അവസ്ഥയിലാകുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ദിഗ്‌വിജയ് സിങ്ങിന്റെ ഈ നിരീക്ഷണത്തിനെതിരെ കോൺഗ്രസ് നേതൃത്വം യോഗത്തിൽ വച്ചുതന്നെ ശക്തമായി പ്രതികരിച്ചു. നിതീഷ് കുമാറിനെ തഴഞ്ഞു എന്ന വാദം തെറ്റാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. ബിഹാർ രാഷ്ട്രീയത്തിൽ നിന്നും മാറി ഒരു ദേശീയ പദവി ഏറ്റെടുക്കാൻ തനിക്ക് താത്പര്യമില്ലെന്ന് നിതീഷ് കുമാർ മുൻപ് നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തിപരമായി തന്നെ അറിയിച്ചിരുന്നുവെന്ന് ഖാർഗെ വ്യക്തമാക്കി. പദവികൾ നിഷേധിക്കപ്പെട്ടതുകൊണ്ടല്ല നിതീഷ് കുമാർ മുന്നണി വിട്ടത്, മറിച്ച് അദ്ദേഹത്തിന്റെ സ്വന്തം രാഷ്ട്രീയ നിലപാടുകൾ കാരണമാണെന്നാണ് പാർട്ടി നേതൃത്വത്തിന്റെ നിലപാട്.
മുന്നണി വിപുലീകരണത്തിന്റെയും സഖ്യകക്ഷികളെ ഒപ്പം നിർത്തുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ദിഗ്‌വിജയ് സിങ് സംസാരിച്ചപ്പോൾ, ഏതെങ്കിലും സഖ്യകക്ഷിയെ മനഃപൂർവം ഒഴിവാക്കിയിട്ടില്ലെന്ന നിലപാടിൽ പാർട്ടി നേതൃത്വം ഉറച്ചുനിൽക്കുകയാണ്.








