തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരും തമ്മിലുള്ള കൂടിക്കാഴ്ച സാധ്യമായപ്പോള്‍ വിജയിച്ചത് കാന്തപുരം ഇപി അബൂബക്കര്‍ മുസ്ലിയാരുടെ രാഷ്ട്രീയ തന്ത്രം. അതിന് കരുവാക്കിയതോ കെ.ടി ജലീലിലൂടെ സിപിഎമ്മിനെയും. എസ്എന്‍ഡിപി പോലുള്ള ഹിന്ദു സമുദായസംഘടനകള്‍ കൈവിട്ടുപോകുമ്പോള്‍ ന്യൂനപക്ഷത്ത് നിന്ന് ചില സഹായങ്ങള്‍ ഉറപ്പ് വരുത്തണമെന്ന സിപിഎം നേതൃത്വത്തിന്റെ ആഗ്രഹം മിക്കവാറും എപി-ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ചയോടെ ഇല്ലാതായി എന്നാണ് വിലയിരുത്തല്‍.
ഇന്നലെ കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസിലെത്തി ഉമ്മന്‍ ചാണ്ടി കാന്തപുരത്തെ കണ്ടു സംസാരിച്ചത് യാദൃശ്ചികമായാണെന്ന വിശദീകരണമാണ് ഇരുപക്ഷവും നല്‍കിയത്. എന്നാല്‍ അതല്ല പത്ത് ദിവസമെങ്കിലും മുന്‍പ് ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് വേദിയൊരുക്കിയിരുന്നു. കാന്തപുരം വിഭാഗം ഇടത് കേന്ദ്രങ്ങളുമായി അടുക്കുന്നു എന്ന ധാരണ പരന്നതോടെ കാന്തപുരവുമായി അത്ര സ്വരചേര്‍ച്ചയിലല്ലായിരുന്ന ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ചയ്ക്ക് തിരക്കിട്ട് സമ്മതിക്കുകയായിരുന്നു.
കൂടിക്കാഴ്ചയക്ക് കാരന്തൂര്‍ മര്‍ക്കസ് തന്നെ തെരഞ്ഞെടുത്തത് കാന്തപുരത്തിന്റെ മറ്റൊരു വിജയമായി. ഇതാദ്യമായാണ് മുഖ്യമന്ത്രി കാരന്തൂര്‍ മര്‍ക്കസിലെത്തി ഇ.പിയുമായി കാണുന്നത്. എന്‍എസ്എസ് ആസ്ഥാനമായ ചങ്ങനാശേരി പെരുന്ന, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വീട്, പാണക്കാട് തങ്ങളുടെ കുടപ്പനയ്ക്കല്‍ തറവാട് എന്നിവിടങ്ങള്‍ പോലെ കാരന്തൂര്‍ മര്‍ക്കസും മറ്റൊരു രാഷ്ട്രീയ അഭയകേന്ദ്രമാകുന്നു എന്നത് സംഘടനയ്ക്ക് അഭിമാനകരമാണ്. ഒപ്പം ഭരണനേതൃത്വത്തിന്റെ അനുകൂലസമീപനം ഉറപ്പ് വരുത്താനും ഇപി വിഭാഗത്തിന് കഴിഞ്ഞു.
അതേസമയം കാന്തപുരം,സിപിഎമ്മുമായി അടുക്കുന്നുവെന്ന പ്രചരണമാണ് മര്‍ക്കസിലേക്ക് ഉമ്മന്‍ചാണ്ടിയെ തിടുക്കത്തില്‍ എത്തിച്ചത്.
വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി എപി വിഭാഗത്തിന്റെ പിന്തുണ നേടിയിരുന്നില്ല. ഇ കെ സുന്നികളുമായി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ നിലനില്‍ക്കുന്ന പള്ളി, മദ്രസ തര്‍ക്കങ്ങളില്‍ സര്‍ക്കാര്‍ എപി വിഭാഗത്തെ കൈയൊഴിയില്ല എന്ന സന്ദേശം നല്‍കുക മാത്രമാണു ചെയ്തിരുന്നത്.അതില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് തങ്ങള്‍ക്ക് അനുകൂലമായ ശക്തമായ നിലപാടുറപ്പാക്കാന് കാന്തപുരം വിഭാഗം ശ്രമിച്ചുവരികയായിരുന്നു. എന്നാല്‍ ഇ കെ വിഭാഗത്തോടുള്ള ലീഗിന്റെ അടുപ്പം മൂലം മുഖ്യമന്ത്രി മടിച്ചുനില്‍ക്കുകയായിരുന്നു. സിപിഐഎം നേതൃത്വത്തിനു വേണ്ടി കെ ടി ജലീലും പി ടി എ റഹീമും കാന്തപുരവുമായി സംസാരിച്ചതോടെയാണ് അടിയന്തര ഇടപെടല്‍ വേണമെന്നു മുഖ്യമന്ത്രിയെ ചിലര്‍ ധരിപ്പിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ആവശ്യമായ പിന്തുണ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പിന്തുണ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി. നേരിട്ടു കാണാന്‍ കാന്തപുരത്തോട് മുഖ്യമന്ത്രി സമയം ചോദിക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു ഇന്നലത്തെ കൂടിക്കാഴ്ച.
കെ.ടി ജലീലിന്റെയും പിടിഎ റഹീമിന്റെയും കൂടിക്കാഴ്ചയ്ക്കു ശേഷം സിപിഎം നേതൃത്വവുമായി എപി അബൂബക്കര്‍ മുസ്ലിയാര് കൂടിക്കാഴ്ച നടത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. കാന്തപുരത്തിന്റെ പിന്തുണ തേടാന്‍ സിപിഎം ശ്രമം എന്ന രീതിയില്‍ വിമര്‍ശനം ഉയരുകയും ചെയ്തു. ന്യൂനപക്ഷത്തില്‍ നിന്നുള്ള ഒരു വിഭാഗമെങ്കിലും കൂടെ നില്‍ക്കുമെന്ന് ഇടതപക്ഷം കരുതിയിരിക്കേയായിരുന്നു ഈ സാഹചര്യം കാന്തപുരം സമര്‍ദ്ദ തന്ത്രമായി മാറ്റിയെടുത്തത്. കാന്തപുരം ഇടത് നേതാക്കളെ കാണുമെന്ന സൂചനയും കെടി ജലീലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്കി. എന്നാല്‍ കാന്തപുരം-മുഖ്യമന്ത്രി കൂടിക്കാഴ്ച കെ.ടി ജലീലിനും, റഹീമിനും ഒപ്പം സിപിഎമ്മിനും നാണക്കേടായി.
പ്രവാചകന്റേതെന്ന പേരില്‍ കാന്തപുരം വിഭാഗം ആഘോഷത്തോടെ കൊണ്ടുനടന്ന മുടി ബോഡി വേസ്റ്റാണെന്ന് പരിഹസിച്ച പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താന്‍ കാന്തപുരത്തിനും പൂര്ണസമ്മതമുണ്ടായിരുന്നില്ല.
Discussion about this post